തിരുവനന്തപുരം :ഓണം കഴിഞ്ഞ് നാല് ദിവസം കൊണ്ടുതന്നെ കുതിച്ചുയർന്ന് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍. ഓഗസ്റ്റ് 24 മുതല്‍ 27 വരെ 1,18,619 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 24 ചൊവ്വാഴ്ച - 24,296, ബുധനാഴ്ച - 31,445 , വ്യാഴാഴ്‌ച - 30,077, വെള്ളിയാഴ്ച - 32,801 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഈ ദിവസങ്ങളില്‍ പരിശോധനയില്‍ വലിയ വര്‍ധനവുണ്ടായിട്ടുമില്ല.
നാല് ദിവസം കൊണ്ട് 6,37,079 പരിശോധനയാണ് സംസ്ഥാനത്ത് നടന്നത്. 17.73 ആണ് സംസ്ഥാനത്തെ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഓണത്തിന് മുന്‍പും ആഘോഷത്തിന്‍റെ ആദ്യ ദിവസങ്ങളിലും നടന്ന പരിശോധനയുടെ ഫലങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഓണദിനങ്ങളിലെ കണക്ക് കൂടി വരുമ്പോള്‍ കേസുകളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. പ്രതിദിന കേസുകളുടെ എണ്ണം നാൽപ്പതിനായിരം കടന്നേക്കും.