ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്ന് പുറത്ത്
14:32 June 29
ജോസ് പക്ഷത്തിന് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് യുഡിഎഫ്. മുന്നണി യോഗത്തിലും നേതൃയോഗത്തിലും ജോസ് കെ മാണിയെ പങ്കെടുപ്പിക്കില്ല.
തിരുവനന്തപുരം:കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംസ്ഥാനത്തെ കുറിച്ചുള്ള തർക്കമാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കുന്നതിൽ എത്തിച്ചത്. പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള ധാരണപ്രകാരം എട്ടുമാസം ജോസ് കെ മാണി വിഭാഗത്തിനും ആറുമാസം പി ജെ ജോസഫ് വിഭാഗത്തിനും ജില്ലാ പ്രസിഡന്‍റ് സ്ഥാനം നൽകാനായിരുന്നു മുന്നണിക്കുള്ളിൽ ധാരണ. എന്നാൽ ഈ ധാരണ പാലിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് യുഡിഎഫ് നേതൃത്വം കടുത്ത നടപടികളിലേക്ക് കടന്നത്. ഇത് സംബന്ധിച്ച് മുസ്ലിംലീഗും കോൺഗ്രസും ജോസ് കെ മാണി വിഭാഗവുമായി ചർച്ച നടത്തിയിരുന്നു. ധാരണ പാലിക്കണം എന്നതായിരുന്നു മുന്നണി നേതൃത്വം ജോസ് കെ മാണിക്ക് മുന്നിൽ വച്ച നിർദേശം. എന്നാൽ ഈ നിർദ്ദേശങ്ങൾ ജോസ് കെ.മാണി വിഭാഗം അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് ജോസ് കെ മാണി ഭാഗത്തെ പുറത്താക്കുന്നതെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ പ്രഖ്യാപിച്ചു.
ജോസ് കെ മാണി വിഭാഗത്തിന് മുന്നണിയിൽ തുടരാൻ അർഹതയില്ല എന്നായിരുന്നു ബെന്നി ബെഹനാന്‍റെ പ്രഖ്യാപനം. തുടർന്നുള്ള മുന്നണി യോഗത്തിലും നേതൃയോഗത്തിലും ജോസ് കെ മാണിയെ പങ്കെടുപ്പിക്കില്ല. മുന്നണി ധാരണ പാലിക്കാത്തതിനാലാണ് നടപടി. ചർച്ചകൾ നടത്തിയെങ്കിലും മുന്നണിയിലുള്ള ധാരണ ഇല്ല എന്ന പരസ്യമായ നിലാടാണ് ജോസ് വിഭാഗം എടുത്തത്. ഈ നിലപാട് അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് നടപടിയെടുക്കുന്നതെന്നും ലാഭനഷ്ടം നോക്കിയില്ല തീരുമാനമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
ബുധനാഴ്ച ചേരുന്ന യു ഡി എഫ് നേതൃയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. വീഡിയോ കോൺഫ്രൻസ് വഴി നടത്തുന്ന യോഗത്തിൽ ജോസ് കെ മാണി വിഭാഗത്തെ പങ്കെടുപ്പിക്കില്ല. മുന്നണി തീരുമാനം അംഗീകരിച്ചാൽ അക്കാര്യം അപ്പോൾ പരിഗണിക്കാമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.