തിരുവനന്തപുരം: വളരുന്തോറും പിളരുകയും പിളരുന്തോളും വളരുകയും ചെയ്യുന്ന രാഷ്ട്രീയ സിദ്ധാന്തം കേരളത്തിന് മുന്നില്‍ അവതരിപ്പിച്ചത് സാക്ഷാല്‍ കെഎം മാണിയാണ്. പ്രതിസന്ധി ഘട്ടങ്ങളെ പിളർപ്പിലൂടെ അതിജീവിക്കുക എന്ന രാഷ്ട്രീയ നയമാണ് കേരള കോൺഗ്രസ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ പിളർന്ന് പോയവരെ മടക്കികൊണ്ടുവരുന്നതിലും കേരള കോൺഗ്രസ് ഒരുകാലത്തും മടികാണിച്ചിട്ടില്ല. പക്ഷേ കെഎം മാണിയുടെ മരണ ശേഷം കേരള കോൺഗ്രസില്‍ രൂപപ്പെട്ട അധികാരത്തർക്കം പിളർപ്പിന്‍റെ മറ്റൊരു വഴി തുറന്നിട്ടപ്പോൾ സമവായത്തിന്‍റെ വഴിയാണ് യുഡിഎഫ് സ്വീകരിച്ചത്. മുന്നണി രാഷ്ട്രീയത്തിലെ വിട്ടുവീഴ്ചയെ കുറിച്ച് കേരള കോൺഗ്രസ് നേതാക്കൻമാർ മനപൂർവം മറന്നപ്പോൾ യുഡിഎഫ് നേരിടുന്നത് രാഷ്ട്രീയ പ്രതിസന്ധിയാണ്. പക്ഷേ യുഡിഎഫിന് പുറത്തായിട്ടും ജോസ് കെ മാണിയോട് അനുഭാവ പൂർണമായ സമീപനമാണ് യുഡിഎഫിലെ പ്രധാന പാർട്ടി എന്ന നിലയില്‍ കോൺഗ്രസ് ഇപ്പോഴും സ്വീകരിക്കുന്നത്.
ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമല്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കാനാണ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി ഇന്നും ശ്രമിച്ചത്. ധാരണ പാലിച്ചാല്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന് തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. നാളത്തെ യു.ഡി.എഫ് യോഗത്തിനു മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം ജോസ് കെ.മാണിക്ക് അവസാന അവസരം നല്‍കുകയാണ്. ജോസ് പക്ഷത്തിന്‍റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു തൊട്ടു മുന്‍പ് ഉമ്മന്‍ചാണ്ടി വച്ച നിര്‍ദ്ദേശം ജോസ് കെ.മാണിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരള കോൺഗ്രസ് നേതാക്കൻമാർക്ക് പ്രേരണയാകുമെന്നും വിലയിരുത്തലുണ്ട്.