ജോസ് കെ മാണി എൽഡിഎഫില്‍: ആശങ്ക അറിയിച്ച് എൻസിപി - kerala congress joined LDF
16:56 October 22
ജോസ് കെ മാണിയെ എൽഡിഎഫിൽ ഉൾപ്പെടുത്താൻ ഇന്നത്തെ ഇടതുമുന്നണി യോഗം തീരുമാനിച്ചു
തിരുവനന്തപുരം: ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എം ഇടതുമുന്നണിയിൽ. ജോസ് വിഭാഗത്തെ മുന്നണിയിൽ ഉൾപ്പെടുത്താൻ ഇന്ന് ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചു. ഘടകകക്ഷിയായാകും ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ ഉൾപ്പെടുത്തുക. ഇതോടെ എൽഡിഎഫിനുള്ളിലെ ഘടകകക്ഷികളുടെ എണ്ണം 11 ആകും. ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്‌തു.
എൻസിപി മാത്രമാണ് യോഗത്തിൽ ആശങ്ക അറിയിച്ചത്. പാല ഉൾപ്പെടെയുള്ള സിറ്റിങ് സീറ്റുകളുടെ കാര്യത്തിലാണ് എൻസിപി ആശങ്ക അറിയിച്ചത്. എന്നാൽ നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ പിന്നീട് ചർച്ചയാകാമെന്ന പൊതു നിലപാടിലാണ് മുന്നണി എത്തിയത്. ഇക്കാര്യം മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശമായി വച്ചത്. ഇത് മുന്നണി യോഗം പൂർണമായി അംഗീകരിച്ചു. ഇപ്പോൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ചയാകാം. അതിനു ശേഷം മാത്രം മതി കൂടുതൽ ചർച്ചകൾ. യുഡിഎഫിനെ ദുർബലപ്പെടുത്താനുള്ള അവസരം പൂർണമായും പ്രയോജനപ്പെടുത്താം എന്നതാണ് മുന്നണി യോഗത്തിലുണ്ടായ പൊതുവികാരം.