തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് വിധി പറയാതെ മാറ്റിയതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത ഫുള്‍ ബഞ്ച് ഏപ്രില്‍ 12 ന് പരിഗണിക്കും. കേസ് ലോകായുക്തയ്ക്ക് പരിഗണിക്കാന്‍ കഴിയുമോ എന്നത് സംബന്ധിച്ചായിരിക്കും പ്രാഥമിക വാദം. കേസ് നിലനില്‍ക്കുന്നതാണെന്ന് പ്രാഥമിക വാദം നടത്തിയ ശേഷം 2022 മാര്‍ച്ചില്‍ ലോകായുക്ത വ്യക്തമാക്കിയിരുന്നു.
READ MORE |ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍; കേസ് ഏപ്രില്‍ 12ന് ലോകായുക്ത പരിഗണിക്കും
വാദം പൂര്‍ത്തിയാക്കിയിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ ആര്‍എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരം കേസ് വിധിപറയാന്‍ തീരുമാനിച്ചെങ്കിലും കേസില്‍ ലോകായുക്ത ജഡ്‌ജി സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ കേസ് വിധി പറയുന്നതിനുപകരം തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ കേസ് ഫുള്‍ബഞ്ചിന് വിടുകയാണെന്ന് പ്രഖ്യാപിച്ചു. കേസ് ലോകായുക്തയ്ക്ക് പരിഗണിക്കാനാകുമോ എന്ന് ഫുള്‍ ബഞ്ച് പരിശോധിക്കും.
ഇതേ കേസ് ലോകായുക്തയും ഉപലോകായുക്തയും പരിഗണിച്ചപ്പോള്‍ അന്ന് ലോകായുക്തയായിരുന്ന ജസ്റ്റിസ് പയസ് കുര്യാക്കോസ് കേസ് ഗൗരവമുള്ളതാണെന്നും ഹര്‍ജി പരിഗണിക്കാവുന്നതാണെന്നും തീര്‍പ്പുകല്‍പ്പിച്ചു. ശേഷമാണ് അന്തിമ വാദത്തിലേക്ക് കടന്നത്. സാധാരണയായി ലോകായുക്തയുടെ പരിഗണനയ്ക്ക് വരുന്ന ഒരു ഹര്‍ജി തങ്ങള്‍ക്ക് പരിഗണിക്കാന്‍ കഴിയുന്നതാണോ എന്ന് പ്രാഥമികവാദം നടത്തിയ ശേഷമാണ് കേസ് പരിഗണനയ്‌ക്ക് എടുക്കുന്നത്. അത്തരത്തില്‍ പ്രാഥമികവാദം കേട്ട ഒരു ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിന് നിയമപരമായി തടസമുണ്ടെന്ന വാദം നിയമവൃത്തങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
കേസ് നിലനില്‍ക്കെ സത്‌കാരം സ്വീകരിച്ച് ന്യായാധിപര്‍ :കേസ് വാദം പൂര്‍ത്തിയാക്കിയ ശേഷം ഏകദേശം ഒരു വര്‍ഷത്തോളം വിധി പറയാതെ മാറ്റിവയ്ക്കുകയും ഹൈക്കോടതി ഇടപെട്ടപ്പോള്‍ വിധി പ്രസ്‌താവിക്കുന്നതിന് പകരം അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറയുകയുമാണ് ലോകായുക്ത ചെയ്‌തത്. ഈ നടപടിക്കെതിരെ ഹര്‍ജിക്കാരന്‍ പരസ്യമായും നിയമവൃത്തങ്ങള്‍ പരോക്ഷമായും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ആഴ്‌ച മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്‌താര്‍ വിരുന്നില്‍ കേസ് പരിഗണിക്കുന്ന ലോകായുക്ത ജഡ്‌ജി സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദും പങ്കെടുത്ത് സത്‌കാരം സ്വീകരിച്ചത്.
ALSO READ |ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ്; കേസ് നിലനില്‍ക്കുമോയെന്നത് പരിഗണിക്കാന്‍ അധികാരമില്ലെന്ന് നിയമ വിദഗ്‌ധര്‍
മാധ്യമങ്ങളെ പുറത്തുനിര്‍ത്തി നടത്തിയ ഇഫ്‌താര്‍ വിരുന്നിന്‍റെ ചിത്രങ്ങളും വീഡിയോയും പിആര്‍ഡി നല്‍കിയെങ്കിലും അതില്‍ ലോകായുക്തയും ഉപലോകായുക്തയും ഉള്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കുന്ന ലോകായുക്ത അദ്ദേഹം സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തത് നീതിന്യായ വ്യവസ്ഥയുടെ ധാര്‍മികതയ്ക്ക് തീരാകളങ്കമാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ലോകായുക്ത ജഡ്‌ജി സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ഹാറൂണ്‍ അല്‍ റഷീദ്, ബാബു മാത്യു പി ജോസഫ് എന്നിവരാണ് കേസ് പരിഗണിക്കുന്നത്. ഹര്‍ജിക്കാരനുവേണ്ടി ജോര്‍ജ് പൂന്തോട്ടം ഹാജരാകും.