തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങൾക്കു മേലുള്ള വില്‌പന നികുതി കേരളം കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ 14 തവണ നികുതി വർധിപ്പിച്ച ശേഷം നാലു തവണ കുറവ് വരുത്തുമ്പോൾ, ഒരിക്കൽ പോലും നികുതി വർധിപ്പിക്കാത്ത കേരളത്തെ അസാന്ദർഭികമായി വിമർശിക്കുന്നത് ഖേദകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തികനിലയെ കുറിച്ച് നല്ല ധാരണയുള്ള ഭരണാധികാരിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ് ഇതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തിനും മുഖ്യമന്ത്രി മറുപടി നൽകി. പല കാരണങ്ങളാൽ രാജ്യത്ത് ഉണ്ടായിട്ടുള്ള വിലക്കയറ്റത്തിന്‍റെ ഉത്തരവാദിത്തം സാമ്പത്തിക മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിനല്ല, മറിച്ച് ചില സംസ്ഥാനങ്ങൾക്കാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ഫെഡറൽ സംവിധാനത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമാകാതിരിക്കാന്‍ ക്രമാതീതമായ നികുതി വർധന ഒഴിവാക്കിയേ തീരൂ.