തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരള മാത്യക തെറ്റെങ്കില്‍ ശരിയേതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പേരില്‍ ജനങ്ങളില്‍ ആശയകുഴപ്പമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായും ഇതിനായി ചില അനാവശ്യവിവാദങ്ങള്‍ ഉയര്‍ത്തുകയാണെന്നും സിപിഎം വാരികയായ ചിന്തയിലെ ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാറിന്‍റെ നൂറ് ദിനത്തോടനുബന്ധിച്ചാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം, ടിപിആര്‍ നിരക്ക്, ദിനംപ്രതിയുള്ള കേസുകളുടെ എണ്ണം എന്നിവ ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കാജനകമാണെന്നാണ് ജനങ്ങള്‍ക്കിടയില്‍ പ്രരിപ്പിക്കുന്നത്.
പ്രതിരോധത്തില്‍ കേരളത്തിനു വീഴ്‌ചപറ്റിയിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഇപ്പോള്‍ തുടരുന്ന നിയന്ത്രണങ്ങളും പ്രവര്‍ത്തനങ്ങളും ശരിയല്ലെന്നും ചര്‍ച്ചകളുണ്ട്. നമ്മുടെ മാതൃക തെറ്റാണെന്നാണ് പറയുന്നവര്‍ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടത് എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലഭിച്ചതിലുമധികം വാക്‌സിനുകള്‍ നല്‍കിയ സംസ്ഥാനം
കേരളത്തില്‍ ഒരാള്‍ പോലും ഓക്‌സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തില്‍ ആര്‍ക്കും ആരോഗ്യസേവനങ്ങള്‍ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് സിറോ പ്രിവലെന്‍സ് സര്‍വേകളാണ് ഇന്ത്യയില്‍ ഇതുവരെ നടത്തപ്പെട്ടത്. മൂന്നിലും ഏറ്റവും കുറവ് ആളുകള്‍ക്ക് രോഗബാധയുണ്ടായ സംസ്ഥാനം കേരളമാണ്.
വാക്‌സിനേഷന്‍റെ കാര്യത്തിലും കേരളം മാതൃക കാട്ടി. ഒറ്റ തുള്ളി വാക്‌സിന്‍ പോലും നഷ്ടപ്പെടുത്തിയില്ല എന്നു മാത്രമല്ല, ഓരോ വയലിലും ശേഷിച്ച ഡോസു കൂടി ഉപയോഗിച്ച് നമ്മള്‍ ജനങ്ങളെ വാക്‌സിനേറ്റ് ചെയ്തു. അങ്ങനെ ലഭിച്ചതിലുമധികം വാക്‌സിനുകള്‍ നല്‍കിയ ഏക സംസ്ഥാനമായി കേരളം മാറി.
മൂന്നാം തരംഗത്തെ നേരിടാൻ കേരളം സജ്ജം
യാഥാര്‍ഥ്യം ഇതായിരിക്കെ ജനവികാരം സര്‍ക്കാരിനെതിരാക്കാനും അങ്ങനെ കൊവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുമുളള സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്. സംഭവിക്കുമെന്നു കരുതുന്ന മൂന്നാം തരംഗത്തെ നേരിടുന്നതിന് കേരളം സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.