തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാള്‍. രാഷ്ട്രീയ നേതാക്കള്‍ അടക്കം നിരവധി പേരാണ് മുഖ്യമന്ത്രിക്ക് ജന്മ ദിനാശംസകള്‍ നേര്‍ന്നത്. മുന്‍ വര്‍ഷങ്ങളെ പോലെ തന്നെയാണ് ഇത്തവണത്തെയും, വിപുലമായ ആഘോഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സാധാരണ ദിവസത്തെ പോലെ ജോലികളില്‍ തുടരുകയാണുണ്ടായതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് നല്ല ആരോഗ്യവും ദീര്‍ഘായുസും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു. 'ബര്‍ത്ത് ഡേ ഗ്രീറ്റിങ്സ് ടു ദി ചീഫ് മിനിസ്റ്റര്‍ ഓഫ് കേരള ശ്രീ പിണറായി വിജയന് ജി' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തി. മുഖ്യമന്ത്രിയെ 'വിജയനെ പ്രിയ സഖാവേ' എന്ന് വിളിച്ച് മലയാളത്തിലാണ് എം കെ സ്റ്റാലിന് ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് ആശംസിച്ചത്. സമഗ്രമായ പരിശ്രമത്തിലൂടെ കേരളത്തിന്റെ വിജയഗാഥ രചിച്ച നേതാവാണ് വിജയനെന്നും എംകെ സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചു.
പിറന്നാള്‍ ആശംസകളുമായി സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും: മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുത്ത ബന്ധമുള്ള സിനിമ താരമാണ് മമ്മൂട്ടി. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കിട്ടാണ് അദ്ദേഹം ജന്മദിനാശംസകള് നേര്‍ന്നത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പിഎ മുഹമ്മദ് റിയാസും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തന്റെ ഫേസ്ബുക്ക് പേജില്‍ 'പ്രിയ സഖാവേ' എന്ന് വിശേഷിപ്പിച്ച് 'കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകള്' എന്നാണ് മന്ത്രി കുറിച്ചത്. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും പങ്കിട്ടു.