പിണറായി വിജയൻ സംസാരിക്കുന്നു തിരുവനന്തപുരം: എങ്ങനെ അഴിമതി നടത്താം എന്നതിൽ ഡോക്‌ടറേറ്റ് എടുത്തവർ സർക്കാർ സർവീസിൽ ഉണ്ടെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കയം വില്ലേജ് ഫീൽഡ് അസിസ്‌റ്റന്‍റായ വി സുരേഷ്‌കുമാർ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിലായ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. സർവ്വീസ് മേഖലയിൽ എല്ലാവരും അഴിമതിക്കാരല്ലെന്നും എന്നാൽ ചിലർ അതിന്‍റെ രുചി അറിഞ്ഞവരാണെന്നും കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
'അഴിമതിയോട് ഒരു വിട്ടുവീഴ്‌ചയുമില്ല എന്നതാണ് സർക്കാർ നിലപാട്. അഴിമതിയിലൂടെ എത്രമാത്രം ദുഷ്‌പേര് വകുപ്പിനും സിവിൽ സർവ്വീസിനും നാടിനും ഉണ്ടാകും എന്ന് ചിന്തിക്കണം. അത് ഗൗരവതരമായി കാണും. വിജിലൻസ് പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്‌റ്റന്‍റ് സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് മറ്റുള്ളവർക്ക് പറയാം. എന്നാൽ ഓഫീസിലുള്ള ഒരു മഹാൻ ഇങ്ങനെ അഴിമതി നടത്തുമ്പോൾ മറ്റുള്ളവർ അറിയാതിരിക്കുമോ,' മുഖ്യമന്ത്രി ചോദിച്ചു.
'ഇന്നത്തെ കാലം ഒന്നും അതീവ രഹസ്യമല്ല. എല്ലാ കാലവും രക്ഷപ്പെട്ട് നടക്കാൻ പറ്റില്ല. പിടികൂടിയാൽ അതിന്‍റേതായ പ്രയാസം അനുഭവിക്കേണ്ടിവരും. എല്ലാ കാര്യവും മറ്റ് വരുമാനത്തിലൂടെയാണ് പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്‌റ്റന്‍റ് നിർവഹിച്ചിരുന്നത്. ഇത്തരം അപചയം ഒരാൾക്ക് സംഭവിക്കുമ്പോൾ അത് പൊതുവിൽ അപമാനമാണ്. നല്ല ഭരണസംസ്‌കാരം സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരണം. അതേസമയം ജനങ്ങൾക്ക് ലഭിക്കുന്ന സേവനത്തിന്‍റെ വേഗത കൂട്ടിവരികയാണ്,'
ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ നല്ല പുരോഗതിയുണ്ടായി. എന്നാൽ ചിലയിടങ്ങളിൽ വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ല എന്നും അദ്ദേഹം വിമർശിച്ചു. ഈ പ്രശ്‌നം പരിഹരിക്കണം. ഭരണനിർവ്വഹണം ശരിയായ രീതിയിൽ ജനങ്ങൾക്ക് അനുഭപ്പെടുക പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും റവന്യു ഓഫീസുകളിലും, തദ്ദേശ ഓഫീസുകളിലുമാണ് ജനങ്ങൾ പ്രശ്‌നം നേരിടുന്നത്. ഉദ്യോഗസ്ഥർ ജനസൗഹൃദ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരണവുമായി റവന്യൂ മന്ത്രി:വില്ലേജ് ഫീൽഡ് അസിസ്‌റ്റന്‍റായ വി സുരേഷ്‌കുമാർ കൈക്കൂലി വാങ്ങിയവിഷയത്തിൽ റവന്യൂ മന്ത്രി കെ രാജനും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് പുറമെ റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തുമെന്നും മന്ത്രി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികളും റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ജൂൺ മുതൽ റവന്യൂ ഓഫീസുകളിൽ നടക്കുന്ന അഴിമതി സംബന്ധിച്ച വിവരം നൽകുന്ന വ്യക്തികളുടെ പേര് പുറത്ത് വിടാതെ സൂക്ഷിക്കുന്ന ഒരു പുതിയ പോർട്ടൽ ആരംഭിക്കും. അഴിമതി സംബന്ധിച്ച വിവരങ്ങൾ വിളിച്ചറിയിക്കാൻ ഒരു ടോൾ ഫ്രീ നമ്പർ സജ്ജീകരിക്കും. ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് കേന്ദ്രീകരിച്ച് പുതിയ സംവിധാനം പ്രവർത്തിക്കും. ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് കേന്ദ്രീകരിച്ചും കലക്‌ടറേറ്റുകൾ കേന്ദ്രീകരിച്ചും റവന്യൂ വകുപ്പിലെ ഇൻസ്പെക്ഷൻ വിഭാഗവും റവന്യൂവിന്‍റെ 3 മേഖലകൾ കേന്ദ്രീകരിച്ചുള്ള ആഭ്യന്തര റവന്യൂ വിജിലൻസും ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ ചേർന്ന റവന്യൂ സെക്രട്ടേറിയറ്റ് ഇതിന് അന്തിമരൂപം നൽകി. ഓൺലൈൻ സ്ഥലമാറ്റമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. റവന്യൂ വകുപ്പിന്‍റെ എല്ലാ ഓഫീസുകളിലും മൂന്ന് വർഷം കഴിഞ്ഞ് എല്ലാ വില്ലേജ് അസിസ്റ്റന്‍റുമാരെയും വില്ലേജ് ഫീൽ അസിസ്റ്റന്‍റുമാരെയും മാറ്റി നിയമിക്കാൻ ആവശ്യമായ നിർദ്ദേശം ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.