എറണാകുളം : കേരള സർക്കാരിന് കീഴിലുള്ള സിവിൽ സർവീസ് അക്കാദമി പൊന്നാനി സബ്സെന്‍ററില്‍ മുസ്ലിം വിഭാഗക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണ നടപടി ചോദ്യം ചെയ്തുള്ള പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. അഡ്വ.അർജുൻ വേണുഗോപാൽ മുഖേന അഭിഭാഷകന്‍ അരുൺ റോയ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ നടപടി.
മുസ്ലിം വിഭാഗം വിദ്യാർഥികൾക്ക് 50 ശതമാനം സംവരണമേർപ്പെടുത്തുകയും സംവരണ വിഭാഗങ്ങൾക്ക് ഫീസിളവ് നൽകുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്ക് നല്‍കിയ 10% സംവരണത്തിന് പുറമെ മുസ്ലിം മതവിഭാഗത്തിന് 50% സംവരണം ഏർപ്പെടുത്തിയത് അട്ടിമറിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരം നടപടി സുപ്രീം കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും ഹർജിക്കാരൻ കുറ്റപ്പെടുത്തി. അക്കാദമിയില്‍ സംവരണം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് നേരത്തേയും നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു.