തിരുവനന്തപുരം :സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങളില്ല. ഞായറാഴ്‌ചയുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരാമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
കടകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 9 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കാനും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വാക്‌സിനേഷന്‍ നല്ല രീതിയില്‍ നടന്നതിനാല്‍ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാല്‍ മതി. എന്നാല്‍ മറ്റ് ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കും.
ആദ്യ ഡോസ് വാക്‌സിനേഷന്‍ 70 ശതമാനത്തില്‍ കൂടുതല്‍ പൂര്‍ത്തിയാക്കിയ ജില്ലകള്‍ അടുത്ത രണ്ടാഴ്‌ച കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം.
നിലവില്‍ സംസ്ഥാനത്തിന്‍റെ പക്കല്‍ 16 ലക്ഷം സിറിഞ്ചുകള്‍ ലഭ്യമാണ്. കൂടുതല്‍ സിറിഞ്ചുകള്‍ ലഭ്യമാക്കാനും സമാഹരിക്കാനുള്ള നടപടിയെടുക്കും.
10 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കെഎംഎസ്‌സിഎല്‍ നേരിട്ട് വാക്‌സിന്‍ ഉത്പാദകരില്‍ നിന്നും വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും വഴി ഇത് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:സെപ്‌റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ : വീണ ജോര്‍ജ്
ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകള്‍ അഞ്ച് ശതമാനത്തില്‍ കൂടുതലാണ്.
ഈ ജില്ലകളില്‍ ജനിതക പഠനം നടത്താന്‍ ആരോഗ്യവകുപ്പിനോടും ഓരോ തദ്ദേശ സ്ഥാപന അതിര്‍ത്തിയിലും എത്ര വാക്‌സിനേഷനുകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോടും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അതേസമയം സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നു. 24,296 പേര്‍ക്കാണ് ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചത്.
173 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്തെ ടിപിആര്‍ നിരക്കും കുത്തനെ ഉയര്‍ന്നു. 18.04 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.