തിരുവനന്തപുരം:എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കെത്തുന്ന നിര്‍ണായക മാറ്റത്തോടെ സംസ്ഥാന മന്ത്രിസഭയിലും കാര്യമായ മാറ്റത്തിന് കളമൊരുങ്ങുന്നു. എംവി ഗോവിന്ദന്‍ രാജിവയ്‌ക്കുന്നതോടെ ഒഴിവുവരുന്ന തദ്ദേശഭരണം - എക്‌സൈസ് വകുപ്പുകള്‍, സജി ചെറിയാന്‍റെ രാജിയോടെ വിഎന്‍ വാസവന്‍റെ കൈയിലെത്തിയ സാംസ്‌കാരിക വകുപ്പ് എന്നിവയില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടായേക്കും. ഒഴിവുകള്‍ നികത്തുമ്പോള്‍ പല വകുപ്പുകളിലും മന്ത്രിമാര്‍ മാറിയേക്കും.
ശൈലജ മടങ്ങിയെത്തുമോ?:ചില മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പാര്‍ട്ടിയിലും മുന്നണിയിലുമുളള അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് മുഖം മിനുക്കി പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന നീക്കങ്ങള്‍ സിപിഎം നടത്തിയേക്കും. ആരോഗ്യവകുപ്പിന്‍റെ ചുമതല നല്‍കി കെകെ ശൈലജയെ വീണ്ടും മന്ത്രിയാക്കാനുളള സാധ്യതയാണ് അതില്‍ പ്രധാനം. കെകെ ശൈലജയുടെ പ്രവര്‍ത്തന മികവും ഇവിടെ മാനദണ്ഡമായോക്കും. അങ്ങനെ വന്നാല്‍ നിലവില്‍ ആരോഗ്യവകുപ്പിന്‍റെ ചുമതലയുളള വീണ ജോര്‍ജിനെ സ്‌പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.