കേരളം

kerala

ETV Bharat / state

കേരള നദീതീര സംരക്ഷണ നിയമലംഘനം; പിഴത്തുക അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തും

ഇതുസംബന്ധിച്ച് തയ്യാറാക്കിയ കരട് ബില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു

കേരള നദീതീര സംരക്ഷണ നിയമലംഘനം  kerala cabinet meeting  മന്ത്രിസഭ യോഗം  മണല്‍വാരല്‍ നിയന്ത്രണ നിയമം  കോഴിക്കോട് മെഡിക്കല്‍ കോളജ്
കേരള നദീതീര സംരക്ഷണ നിയമലംഘനം; പിഴ 25,000 രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തും

By

Published : Jan 29, 2020, 8:37 PM IST

തിരുവനന്തപുരം: കേരള നദീതീര സംരക്ഷണ നിയമവും മണല്‍വാരല്‍ നിയന്ത്രണ നിയമവും ലംഘിക്കുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തുന്നതിന് നിയമ ഭേദഗതി കൊണ്ടുവരും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് തയ്യാറാക്കിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തുടര്‍ച്ചയായ നിയമലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയില്‍ നിന്നും അമ്പതിനായിരം രൂപയായി വര്‍ധിപ്പിക്കും. നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മിതി കേന്ദ്രത്തിന് വില്‍ക്കേണ്ടതാണ്. ഇതിനുപകരം കണ്ടുകെട്ടിയ മണലിന്‍റെ മതിപ്പുവില ജില്ലാ കലക്‌ടറുടെ നിശ്ചയപ്രകാരം വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലേലത്തിലൂടെ വില്‍പന നടത്താന്‍ കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

കാസര്‍കോട് മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിം ട്രിബ്യൂണല്‍ ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി അഞ്ച് തസ്‌തികകള്‍ അനുവദിക്കും. മറ്റ് തസ്‌തികകള്‍ സബോര്‍ഡിനേറ്റ് ജുഡീഷ്യറിക്ക് അനുവദിച്ച തസ്‌തികകളില്‍ നിന്നും കണ്ടെത്തും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിത്താശയ ശസ്‌ത്രക്രിയയെ തുടര്‍ന്ന് ചികിത്സാ പിഴവ് കാരണം മരിച്ച കോഴിക്കോട് സ്വദേശി ടി.സി.ബൈജുവിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിക്കും. പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ജയതിലകിന് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. കായിക-യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല ഒഴികെയുള്ള ചുമതലകള്‍ ഇദ്ദേഹം തുടര്‍ന്നും വഹിക്കും. മത്സ്യബന്ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്ക് കായിക-യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കേരളാ ജല അതോറിറ്റി മാനേജിങ് ഡയറക്‌ടറുടെയും അധിക ചുമതല നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന ഡോ.കെ.വാസുകിയെ കൃഷി വകുപ്പ് ഡയറക്‌ടറായും നിയമിക്കും. എസ്.കാര്‍ത്തികേയനെ കെജിഎസ്‌ടി ജോയിന്‍റ് കമ്മീഷണറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ABOUT THE AUTHOR

...view details