കേരളം

kerala

ETV Bharat / state

മന്ത്രിസഭ യോഗം ഇന്ന് ; മെഡിക്കൽ സർവീസ് കോർപറേഷന്‍ തീപിടിത്തം അന്വേഷണം പ്രധാന ചർച്ചയായേക്കും - പിണറായി വിജയൻ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര, കേന്ദ്രം വെട്ടിക്കുറച്ച വായ്‌പ പരിധി, സംസ്ഥാനത്തിന്‍റെ പുതിയ മദ്യനയം, വിസി നിയമനം എന്നിവയും ചർച്ചയാകും.

മന്ത്രിസഭ യോഗം  Cabinet meeting  മന്ത്രിസഭ യോഗം ഇന്ന്  KERALA CABINET MEETING TODAY  മുഖ്യമന്ത്രിയുടെ വിദേശ യാത്ര  പിണറായി വിജയൻ  Pinarayi Vijayan
മന്ത്രിസഭ യോഗം ഇന്ന്

By

Published : May 31, 2023, 10:53 AM IST

തിരുവനന്തപുരം :മെഡിക്കൽ സർവീസ് കോർപറേഷനിലെ തീപിടിത്തത്തിന്‍റെ അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം ചർച്ച ചെയ്തേക്കും. ഇത് സംബന്ധിച്ച ഫയലുകൾ മുഖ്യമന്ത്രി വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏത് വിധത്തിലാവണം എന്നാകും ഇന്ന് ചർച്ച ചെയ്യുക. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ വിദേശ യാത്ര, കേന്ദ്രം വെട്ടിക്കുറച്ച വായ്‌പ പരിധി, സംസ്ഥാനത്തിന്‍റെ പുതിയ മദ്യനയം, എം ജി, മലയാളo സർവകലാശാല വിസി നിയമനം എന്നിവയും ചർച്ചയായേക്കും.

സംസ്ഥാനത്ത് 10 ദിവസത്തിനിടെ മൂന്ന് മെഡിക്കൽ സർവീസ് കോർപറേഷൻ ഗോഡൗണുകളിലാണ് തീപിടിത്തം ഉണ്ടായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ മരുന്ന് ഗോഡൗണുകൾക്കാണ് തീപിടിച്ചത്. സമീപത്ത് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

എന്നാൽ അടുത്തടുത്ത് ഉണ്ടാകുന്ന ഈ തീപിടിത്തം അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ മാസം 17ന് കൊല്ലത്തും 23ന് തിരുവനന്തപുരത്തും 27 ന് ആലപ്പുഴയിലും തീപിടിത്തം ഉണ്ടായി. തിരുവനന്തപുരത്ത് ഉണ്ടായ തീപിടിത്തത്തിൽ അഗ്നിരക്ഷ സേനാംഗം ജെ എസ് രഞ്ജിത്തിന് ജീവൻ നഷ്‌ടമായിരുന്നു.

വായ്‌പ പരിധി വെട്ടിക്കുറച്ച് കേന്ദ്രം: സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയാണ് മറ്റൊരു ചർച്ചാവിഷയം. പ്രതിവർഷം സംസ്ഥാനത്തിന് കടമെടുക്കാവുന്ന പരിധിയിൽ 54 ശതമാനം ആണ് വെട്ടിക്കുറച്ചത്. പ്രതിവർഷം 33,420 കോടി രൂപയ്ക്ക് പകരം 15,390 കോടി രൂപ മാത്രമേ ഇനി സംസ്ഥാനത്തിന് കടമെടുക്കാൻ പറ്റൂ.

ഇത് സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്‌ച പുറത്തിറങ്ങിയിരുന്നു. നിലവിൽ സംസ്ഥാനത്തിന് കുടിശ്ശിക വിതരണത്തിന് 2,700 കോടി രൂപ, നെല്ല് സംഭരണ കുടിശ്ശിക 870 കോടി രൂപ, പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളുടെ ഇ-ഗ്രാന്‍റിനായി 250 കോടി രൂപ എന്നിങ്ങനെ വേണം. ഇത്തരം അടിയന്തര ആവശ്യങ്ങളെയെല്ലാം ബാധിക്കുന്നതാണ് കേന്ദ്രത്തിന്‍റെ തീരുമാനം.

വിസി നിയമനം: എംജി സർവകലാശാല വിസി നിയമനത്തിനായി സർക്കാർ നൽകിയ പാനൽ ഗവർണർ തള്ളിയതിന് പിന്നാലെ നിലവിൽ എം ജി സർവകലാശാലയിൽ വിസി ഇല്ല. മുൻ വിസി സാബു തോമസിന്‍റെ കാലാവധി മെയ് 29 ന് അവസാനിച്ചു. മലയാളം സർവകലാശാല വൈസ് ചാൻസലർ ഇൻചാർജും സാബു തോമസിനായിരുന്നു. സംസ്ഥാനത്ത് രണ്ട് സർവകലാശാലയിൽ നിലവിൽ വിസിമാരില്ല.

ഇത്തരമൊരു സാഹചര്യം സംസ്ഥാനത്ത് ആദ്യമാണ്. സെർച്ച് കമ്മിറ്റി രൂപീകരിക്കാത്തതാണ് വിസി നിയമനം നീണ്ടു പോകുന്നതിന് പ്രധാന കാരണം. സെർച്ച് കമ്മിറ്റി ബിൽ ഗവർണർ ഒപ്പുവയ്ക്കാ‌ത്തതിനാൽ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാതെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു വച്ചിരിക്കുകയാണ്. വൈസ് ചാൻസലർമാരുടെ അഭാവം ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാധിക്കുമെന്നതിനാൽ പ്രതിപക്ഷം വിഷയത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വിദേശയാത്ര: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടക്കുന്ന അമേരിക്കൻ, ക്യൂബൻ യാത്രകളാണ് മറ്റൊരു വിഷയമാവുക. സന്ദർശനത്തിന് കേന്ദ്രം ഇന്നലെ അനുമതി നൽകിയിരുന്നു. അമേരിക്കയിൽ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനം, ലോകബാങ്ക് ഉദ്യോഗസ്ഥരുമായ ചർച്ച എന്നിവയാണ് സന്ദർശന ലക്ഷ്യം.

സ്‌പീക്കർ എ എൻ ഷംസീർ, ധനമന്ത്രി കെ എൻ ബാലഗോപാൽ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയ്, ആരോഗ്യ മന്ത്രി വീണ ജോർജ് എന്നിവരും യാത്രയുടെ ഭാഗമാകും.

ABOUT THE AUTHOR

...view details