തിരുവനന്തപുരം :സസ്‌പെന്‍ഷന് ശേഷം തിരികെയെത്തുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ നിയമനം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തേക്കും. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് 2019 ജൂലായ് 14 മുതല്‍ ശിവശങ്കര്‍ സസ്‌പെന്‍ഷനിലായിരുന്നു. ഇന്നലെയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.
ചീഫ്‌സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി നല്‍കിയ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ഉത്തരവില്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി ഒപ്പുവച്ചിരുന്നു. അദ്ദേഹത്തിന് ഏത് പദവി നല്‍കണമെന്നത് സര്‍ക്കാര്‍ വിശദമായി പരിശോധിക്കുകയാണ്.
ALSO READ:എം ശിവശങ്കര്‍ തിരികെ സര്‍വീസിലേക്ക്; സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി
അതേസമയം കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ പദവി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിയുകയാണെന്ന് കാട്ടി സര്‍ക്കാരിന് കത്ത് നല്‍കി ഒരു മാസം പിന്നിടുകയാണ്. ഈ ഗുരുതര സാഹചര്യവും ഇന്നത്തെ മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയില്‍ വന്നേക്കാം. ഒരുമാസമായി കേരളത്തിലെ 13 സർവകലാശാലകളിലും ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണ്.
ഒമിക്രോണ്‍ സാഹചര്യവും കൊവിഡ് വ്യാപനവും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും. മൂന്നാം തരംഗ ഭീഷണിയും ഒമിക്രോണ്‍ വ്യാപനവും സംബന്ധിച്ച് കേരളത്തിന് വരാനിരിക്കുന്ന ഒരാഴ്ച നിര്‍ണായകമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്.
മൂന്നാംതരംഗമായിത്തന്നെ ഒമിക്രോണ്‍ വ്യാപനത്തെ കണക്കാക്കി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നാണ് വിദഗ്‌ധാഭിപ്രായം. ഇന്നലെ ചേര്‍ന്ന അവലോകന യോഗം ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന കാര്യത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുക്കുക.