കേരളം

kerala

ETV Bharat / state

Cabinet Meeting | പുതിയ പൊലീസ് മേധാവി, ചീഫ് സെക്രട്ടറി: തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ - വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം

സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന് ചേരും. പുതിയ പൊലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവരെ ഇന്ന് തീരുമാനിച്ചേക്കും. വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം, തെരുവുനായ ശല്യം, പനി മരണങ്ങള്‍ എന്നീ വിഷയങ്ങളും ചര്‍ച്ചയാകാന്‍ സാധ്യത.

cabinet meeting  kerala cabinet meeting  cabinet meeting in today  pinarayi vijayan  kerala government cabinet meeting  മന്ത്രിസഭ യോഗം  പൊലീസ് മേധാവി തെരഞ്ഞെടുപ്പ്  വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം  തെരുവുനായ ശല്യം
Cabinet Meeting

By

Published : Jun 27, 2023, 9:49 AM IST

തിരുവനന്തപുരം:സംസ്ഥാനമന്ത്രിസഭ യോഗം ഇന്ന് (ജൂണ്‍ 27) ചേരും. പുതിയ പൊലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവരെ ഇന്ന് തീരുമാനിച്ചേക്കും. നിലവിലെ ചീഫ് സെക്രട്ടറി വിപി ജോയിയും ഡിജിപി അനില്‍കാന്തും സര്‍വീസില്‍ നിന്നും വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് സെക്രട്ടറിയെയും സംസ്ഥാന പൊലീസ് മേധാവിയെയും തീരുമാനിക്കുക.

കെ പത്മകുമാര്‍, ഷെയിഖ് ദര്‍ബേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരെയാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അതേസമയം, നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുന്ന ഡോ.വി വേണു ഉള്‍പ്പെടെ അഞ്ചു പേരാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്കുള്ള പരിഗണനയിലുള്ളത്.

സാധാരണ ബുധനാഴ്‌ച ദിവസങ്ങളിലാണ് മന്ത്രിസഭ യോഗം ചേരുന്നത്. എന്നാല്‍ ബുധനാഴ്‌ച ബക്രീദ് ആയതിനാലാണ് ഇന്ന് മന്ത്രിസഭ യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് ശേഷമുള്ള ആദ്യം യോഗം കൂടിയാണിത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനിടെ ഉയര്‍ന്ന വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം, തെരുവുനായ ശല്യം, പനി മരണങ്ങള്‍ എന്നിവയും മന്ത്രിസഭ യോഗം വിലയിരുത്തും.

വരുന്ന സെപ്‌റ്റംബറിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ മേഖല അവലോകന യോഗങ്ങള്‍ ആരംഭിക്കുന്നത്. ഇതിനായി വകുപ്പ് സെക്രട്ടറിമാരുടെ ചുമതലകള്‍ വിശദീകരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കി. മേഖല അവലോകന യോഗങ്ങളുടെ പ്രാരംഭപ്രവര്‍ത്തനങ്ങളെ കുറിച്ചും മന്ത്രിസഭ യോഗത്തില്‍ വിലയിരുത്തലുണ്ടാകാനാണ് സാധ്യത.
സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക നേരത്തെ യുപിഎസ്‌സി തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. അഗ്നിരക്ഷ വിഭാഗം മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്, കേന്ദ്ര ഇന്‍റലിജന്‍സ് ബ്യുറോ അഡീഷണല്‍ ഡയറക്‌ടര്‍ ഹരിനാഥ് മിശ്ര, ജയില്‍ മേധാവി കെ പത്മകുമാര്‍ എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. ജൂണ്‍ 19 ന് ഡല്‍ഹിയില്‍ ചീഫ് സെക്രട്ടറി വി പി ജോയ് ഉള്‍പ്പെട്ട യുപിഎസ്‌സിയുടെ അവലോകന യോഗത്തിന് ശേഷമായിരുന്നു ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

കഴിഞ്ഞ മാസമായിരുന്നു പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനായി സംസ്ഥാനം എട്ട് പേരുടെ പട്ടിക യുപിഎസ്‌സിക്ക് കൈമാറിയത്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന അഞ്ച് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍, സംസ്ഥാന കേഡറില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് പേരും ആദ്യം സ്ഥാനത്തേക്ക് ഇല്ലെന്നാണ് അറിയിച്ചത്.

എന്നാല്‍, പട്ടിക കൈമാറുന്നതിന് തൊട്ടുമുന്‍പാണ് തങ്ങളും പൊലീസ് മേധാവിയാകാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ഈ സാഹചര്യത്തില്‍ ആയിരുന്നു കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള നിതിന്‍ അഗര്‍വാള്‍, ഹരിനാഥ് മിശ്ര, രാവാഡ ചന്ദ്രശേഖര്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചത്. ഇന്‍റലിജന്‍സ് എഡിജിപി ടികെ വിനോദ് കുമാര്‍, കോസ്റ്റല്‍ എഡിജിപി സഞ്ജീവ് കുമാര്‍ പട്ജോഷി, എഡിജിപിയും ബെവ്‌റേജസ് കോര്‍പറേഷന്‍ എംഡിയുമായ യോഗേഷ് ഗുപ്‌ത എന്നിവരും ഉള്‍പ്പെട്ട പട്ടികയായിരുന്നു ആദ്യം സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയത്.

Also Read :വരുംതലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന 'ആവിഷ്‌കാര സ്വാതന്ത്ര്യം' അംഗീകരിക്കാന്‍ കഴിയില്ല: മന്ത്രി വി ശിവന്‍കുട്ടി

ABOUT THE AUTHOR

...view details