തിരുവനന്തപുരം : പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളിൽ ഒരേതരം സോഫ്‌റ്റ് വെയർ സംവിധാനം നടപ്പിലാക്കാൻ മന്ത്രിസഭ യോഗത്തിൽ (Cabinet decision) തീരുമാനം. ഇതിനായി ടാറ്റ കൺസൾട്ടൻസി സർവീസസിനെ (Tata Consultancy Services) നിർവഹണ ഏജൻസിയായി തീരുമാനിച്ചു. സംസ്ഥാനത്തെ സഹകരണ മേഖല വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലർത്തേണ്ടതിനാലുമാണ് ഈ നടപടിയെന്ന് മന്ത്രിസഭ യോഗ തീരുമാനം വിശദീകരിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. സഹകരണ മേഖലയില്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങാതെ കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമാകാതെ സംസ്ഥാനം ആവിഷ്‌ക്കരിച്ച പദ്ധതിയുമായി മുന്നോട്ട് പോകാനാണ് മന്ത്രിസഭ തീരുമാനിച്ചത്.പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നത് നേരത്തെ റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു.
ഒബിസി പട്ടികയിലെ സമുദായപ്പേരുകളിൽ മാറ്റം കൊണ്ടുവരാനും മന്ത്രിസഭയോഗം തീരുമാനിച്ചു. എസ്‌ഐയുസി ഒഴികെ ക്രിസ്‌തുമത വിഭാഗത്തിൽപ്പെടുന്ന നാടാർ സമുദായങ്ങൾക്ക് അനുവദിക്കുന്ന എസ്‌ഇബിസി (Socially and Educationally Backward Classes (SEBC) വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്താനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. കേരള സംസ്ഥാന ഒ ബി സി പട്ടികയിൽ ഉൾപ്പെട്ട സേനൈ തലവർ (Senai Thalavar) എന്ന സമുദായ പദം സേനൈതലൈവർ (Senaithalaivar), Elavaniar, Elavaniya, Elavania എന്ന് മാറ്റും.
പാലക്കാട് ജില്ലയിലെ പാർക്കവകുലം സമുദായത്തെയും ദാസ സമുദായത്തെയും സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്താനും തീരുമാനമായി. സംസ്ഥാന ഒ ബി സി പട്ടികയിൽപ്പെട്ട 'ചക്കാല' എന്ന സമുദായപ്പേര് 'ചക്കാല , ചക്കാല നായർ' എന്ന് മാറ്റും. സംസ്ഥാന ഒബിസി പട്ടികയിൽപ്പെട്ട പണ്ഡിതാർസ് എന്ന സമുദായ പദം പണ്ഡിതാർസ്, പണ്ഡിതർ എന്ന് മാറ്റാനും തീരുമാനിച്ചു.