തിരുവനന്തപുരം: ശബരിമല കേസുകള്‍ പിന്‍വലിച്ച് വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ നിര്‍ണായക തീരുമാനവുമായി മന്ത്രിസഭ. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ ഇക്കാര്യം മുന്നോട്ടു വച്ചിരുന്നു. ഇവ പരിഗണിച്ചാണ് മന്ത്രിസഭ ഇന്ന് തീരുമാനമെടുത്തത്.
ശബരിമല-പൗരത്വ സമരക്കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനം
ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ ഇക്കാര്യം മുന്നോട്ടു വച്ചിരുന്നു.
കൂടാതെ പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ കേസുകളെല്ലാം പിന്‍വലിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരുപടി കൂടി മുന്നില്‍ കടന്നാണ് ഇന്ന് നിര്‍ണായക തീരുമാനമെടുത്തത്. ഇതിലൂടെ ഭൂരിപക്ഷ വിഭാഗത്തിന്‍റെയും ന്യൂനപക്ഷ വിഭാഗത്തിന്‍റെയും പിന്തുണ നേടാമെന്ന കണക്കു കൂട്ടലിലാണ് സര്‍ക്കാര്‍.
സ്ത്രീ പ്രവേശനമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് വ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബിജെപി നേതാക്കളും കേസില്‍ പ്രതികളായിരുന്നു. സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ സ്ത്രീപ്രവേശനം വേണ്ടായെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അന്തിമ വിധിക്ക് ശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന നിലപാടിലാണ് സിപിഎം. ഇതിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.