സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം - കേരള ബജറ്റ്
ജനക്ഷേമ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം കാണാനുള്ള വിഭവസമാഹരണവും പ്രഖ്യാപിക്കും.
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9 മണിക്ക് ധനമന്ത്രി ടി.എം തോമസ് ഐസക്ക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും കേരളം വളർച്ചാ നിരക്കില്‍ മുന്നോട്ടെന്നാണ് ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടില്‍ ധനമന്ത്രി പറയുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന ബജറ്റിനെ പ്രതീക്ഷയോടെയാണ് കേരള ജനത ഉറ്റുനോക്കുന്നത്. ഏറെ വെല്ലുവിളികൾ നേരിട്ട വർഷത്തിലൂടെ കടന്ന പോയ കേരളത്തിന് പിണറായി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് ആശ്വാസമാകുമോയെന്നതാണ് ചോദ്യം.
കേന്ദ്ര ബജറ്റില്‍ വീണ്ടും കേരളത്തിനെ തഴഞ്ഞപ്പോൾ മുണ്ട് മുറുക്കി ഉടുക്കേണ്ട സാഹചര്യം അഞ്ചാം ബജറ്റില്‍ ഉണ്ടാകില്ലെന്നാണ് ധനമന്ത്രി പറഞ്ഞത്. 6.8 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 7.5 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞതായി അവലോകന റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.
ഭൂമിയുടെ ന്യായ വില, മദ്യവില, ഫീസുകൾ തുടങ്ങിയവ കൂടുമെന്നാണ് സൂചന. സർക്കാരിന്‍റെ വരുമാനം പലതരത്തില്‍ ചോരുന്നത് തടയാനും നടപടിയുണ്ടായേക്കും. കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതം വെട്ടിക്കുറച്ചതോടെ ഏകദേശം 5000 കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥാനത്തിനുണ്ടാകുമെന്നാണ് കണക്ക്. തെരഞ്ഞെടുപ്പ് വർഷമായത് കൊണ്ട് ജനപ്രിയ ബജറ്റിനുള്ള സാധ്യതളും തള്ളികളയാനാകില്ല. എന്നാല്‍ ജനങ്ങൾക്ക് എതിരാകുന്ന നടപടികൾ സ്വീകരിക്കാതെ പ്രതിസന്ധി മറികടക്കുന്നത് ധനമന്ത്രിക്ക് വലിയൊരു വെല്ലുവിളി തന്നെയാണ്. സംസ്ഥാനത്തിന് കഴിയുന്ന മേഖലകളിലൊക്കെ വിഭവ സമാഹരണത്തിനുള്ള ശ്രമമുണ്ടാകും.