മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 50 കോടി തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നിരവധി പ്രവാസി ക്ഷേമ പദ്ധതികൾക്ക് പണം വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. 50 കോടി രൂപയാണ് പ്രവാസി ക്ഷേമത്തിനുള്ള വിവിധ പദ്ധതികൾക്കായി വിലയിരുത്തിയിരിക്കുന്നത്. നോർക്ക അസിസ്‌റ്റന്‍റ് ആന്‍റ് മൊബിലൈസ് എംപ്ലോയ്മെന്‍റ് പദ്ധതിക്ക് അഞ്ചു കോടി രൂപ വകയിരുത്തി.
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് തൊഴിലുറപ്പാക്കാൻ 100 തൊഴിൽ ദിനങ്ങൾ എന്ന കണക്കിൽ ഒരു വർഷം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കാനും നൈപുണ്യ വികസനത്തിനും ആവശ്യമായ പദ്ധതികൾക്കുമായി 84.60 കോടി രൂപ വകയിരുത്തി. ഡിപ്പാർട്ട്മെന്‍റ് പ്രൊജക്റ്റ് ഫോർ റിട്ടേൺ എമിഗ്രേൻസിന് 25 കോടി അനുവദിക്കും.
പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള വിവിധ വായ്‌പ പദ്ധതികൾ വിപുലീകരിക്കുമെന്ന് മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. മരണമടഞ്ഞവരുടെ കുടുംബത്തിനും അസുഖങ്ങൾ ബാധിച്ചവർക്കും സഹായം നൽകുന്ന സാന്ത്വനം പദ്ധതിക്കായി 33 കോടി രൂപ വകയിരുത്തി. നോൺ റസിഡന്‍റ് കേരളൈറ്റ് ക്ഷേമ ബോർഡ് വഴിയുള്ള പദ്ധതികൾക്ക് 15 കോടി രൂപ മാറ്റിവച്ചു.
എയർപോർട്ടുകളുടെ നോർക്ക എമർജൻസി ആംബുലൻസിന് 60 ലക്ഷം അനുവദിച്ചു. ലോക കേരള സഭയ്ക്കായി 2.5 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ലോക കേരള സഭ ചേരുന്നതിനും പ്രാദേശിക കൂട്ടായ്‌മകൾക്കും ലോകകേരള സഭയുടെ ഓഫിസ് പ്രവർത്തനത്തിനുമാണ് തുക മാറ്റിവച്ചിരിക്കുന്നത്.
നോർക്കയുടെ ഉടമസ്ഥതയിലുള്ള മാവേലിക്കരയിലെ അഞ്ചേക്കർ ഭൂമിയിൽ ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.