തിരുവനന്തപുരം: കുടുംബശ്രീയുടെ വിവിധ പദ്ധതികൾക്കായി 260 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രണ്ട് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന വിവിധ തൊഴിൽദായക പദ്ധതികൾ, നൈപുണ്യ കേരളം പദ്ധതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ തൊഴിലധിഷ്‌ഠിത നൈപുണ്യ പരിപാടികൾ വഴി അഞ്ച് വർഷം കൊണ്ട് എട്ട് ലക്ഷം യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതി, വിവിധ ആദിവാസി മേഖലകളിലെ 500 യുവതി - യുവാക്കൾക്ക് തൊഴിൽ നൽകുന്ന സൗജന്യ തൊഴിലധിഷ്‌ഠിത നൈപുണ്യ വികസന പദ്ധതി മുതലായവ പദ്ധതികളിലുൾപ്പെടുന്നു.
കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണനം കണ്ടെത്തുന്നതിനായി വിതരണശൃംഖല രൂപീകരിക്കും. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ ശക്തമായി തുടരാൻ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ തുക ഇത്തവണ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ആദ്യ പൂർണ ബജറ്റാണിത്. പൂർണമായും കടലാസ് രഹിത ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്.