തിരുവനന്തപുരം:ബജറ്റില്‍ ഐടി മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങൾ. നാല് ഐടി ഇടനാഴികൾ സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ ബാലഗോപാൽ. മഹാമാരി കാലത്തും മികവുപുലർത്തിയ വ്യവസായ മേഖല എന്ന നിലയിലാണ് ഐ ടിക്ക് ബജറ്റിൽ മുന്തിയ പരിഗണന നൽകുന്നത്.
നാല് വരിയായി വികസിപ്പിക്കുന്ന ദേശീയ പാതയ്ക്ക് സമാന്തരമായി പുതിയ ഐടി ഇടനാഴികൾ സ്ഥാപിക്കും. ടെക്നോപാര്‍ക്ക് - കൊല്ലം, എറണാകുളം - കൊരട്ടി, എറണാകുളം - ചേർത്തല, കോഴിക്കോട് - കണ്ണൂര്‍ എന്നിങ്ങനെയാണ് നാല് ഇടനാഴികൾ. ഇടനാഴികൾക്കായി സ്ഥലമേറ്റെടുത്താൽ ഉടൻ നിർമ്മാണം തുടങ്ങും. 1000 കോടി ചിലവഴിച്ച് 3 വർഷം കൊണ്ടാകും പൂർത്തിയാക്കുക.
കണ്ണൂരിൽ ഐടി പാർക്ക് സ്ഥാപിക്കും. ഇടനാഴികൾ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ 15 മുതൽ 25 ഏക്കർ വരെ ഭൂമി പൊന്നും വിലക്കെടുത്ത് ഐടി പാർക്ക് സ്ഥാപിക്കും. ഇതിനായി കിഫ്‌ബിയിൽ നിന്ന് 100 കോടി രൂപ അധികമായി അനുവദിച്ചു. ഈ മേഖലയിൽ പരമാവധി തൊഴിലവസരം എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.