തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലെ മാറിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അന്തരീക്ഷത്തില്‍ പഠനം സാധ്യമാക്കുന്നതിനുള്ള പദ്ധതിയുമായി പുതിയ ബജറ്റ്. സ്‌കൂള്‍ അന്തരീക്ഷത്തിൽനിന്ന് വീട്ടിലെ നാലുചുമരുകൾക്കുള്ളിലേക്ക് ചുരുക്കപ്പെട്ട കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ കർമ്മപരിപാടികൾ നടപ്പിലാക്കും. ഇതിന്‍റെ ഭാഗമായി വിശദമായ പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ,ആരോഗ്യ, സാമൂഹ്യ വിദഗ്‌ധരടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ പഠനത്തിനൊപ്പം അതാത് വിദ്യാലയങ്ങളിലെ അധ്യാപകരെ കൂടി ഉള്‍പ്പെടുത്തിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടി സംഘടിപ്പിക്കും. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്‍റഡ് റിയാലിറ്റി സാങ്കേതിക വിദ്യകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പൊതു ഓണ്‍ലൈന്‍ അധ്യയന സംവിധാനത്തിന് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.