തിരുവനന്തപുരം: ആരോഗ്യ മേഖലയ്‌ക്ക് മുൻഗണന നൽകിയുള്ള രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണത്തിൽ ആരോഗ്യ അടിയന്തിരാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പു വരുത്തുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
സൗജന്യ വാക്സിൻ
20, 000കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചതിൽ 2800 കോടി കൊവിഡ് പ്രതിരോധത്തിനും 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി. ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകുക എന്നതാണ് ഈ ഘട്ടത്തിലെ നിർണായക ദൗത്യം. ഇതിന് കേരളം സജ്ജമാണെന്നും സംസ്ഥാന സർക്കാരിന്‍റെ ചെലവിലാണെങ്കിൽ പോലും എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്രയും വേഗം ലഭ്യമാക്കുമെന്നും ബജറ്റ് അവതരണത്തിൽ ധനകാര്യമന്ത്രി വ്യക്തമാക്കി. അതേസമയം ഇക്കാര്യത്തിൽ കേന്ദ്രത്തിന്‍റെ ചില നയപരമായ തീരുമാനങ്ങൾ ഇപ്പോഴും തടസങ്ങൾ സൃഷ്‌ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവയെല്ലാം പരിഹരിച്ച് വീക്സിൻ ലഭ്യമാക്കും. 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രം പിന്മാറുകയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി പൗരന്മാരുടെ ആരോഗ്യം എന്ന പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് പിന്മാറാൻ കഴിയില്ലെന്നും വ്യക്തമാക്കി. അതുകൊണ്ട് തന്നെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങം വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തും. വാക്സിൻ വിതരണത്തിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.