കേരളം

kerala

ETV Bharat / state

25 രൂപയ്ക്ക് ഊണ്; ക്ഷേമപെൻഷനുകളില്‍ വർദ്ധന; കരുതലോടെ തോമസ് ഐസക്ക് - കേരള ബജറ്റ് 2020

കാസർകോട് പാക്കേജ് 90 കോടി, ഇടുക്കി പാക്കേജ് 1000 കോടി, കുട്ടനാട് പാക്കേജ് 750, വയനാട് പാക്കേജ് 2000 കോടി. 2000 പൊതു ശൗചാലയങ്ങൾ, ഒരു ലക്ഷം വീടുകൾ, രണ്ടര ലക്ഷം കുടിവെള്ള പദ്ധതികളും ബജറ്റ് പ്രഖ്യാപനത്തില്‍. സിഎഫ്എല്‍, ഫിലമെന്‍റ് ബൾബുകൾ നിരോധിക്കുമെന്ന പ്രഖ്യാപനം ശ്രദ്ധേയമായി.

kerala budget 2020
25 രൂപയ്ക്ക് ഊണ്; ക്ഷേമപെൻഷനുകളില്‍ വർദ്ധന; കരുതലോടെ തോമസ് ഐസക്ക്

By

Published : Feb 7, 2020, 10:52 AM IST

തിരുവനന്തപുരം; നെല്‍കർഷകർക്ക് റോയല്‍റ്റി, പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും പ്രത്യേക പദ്ധതികൾ. ക്ഷേമ പെൻഷൻ കൂട്ടിയും സ്റ്റാർട്ട് അപ്പുകൾക്ക് സഹായം പ്രഖ്യാപിച്ചും എല്ലാ ജനവിഭാഗങ്ങൾക്കും ഒപ്പം നില്‍ക്കാൻ ശ്രമിച്ച് പിണറായി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ്. ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ പുതിയ പദ്ധതികളായി 6000 കോടിയുടെ കൊച്ചി നഗര വികസനവും കുറഞ്ഞ നിരക്കില്‍ കാൻസർ മരുന്നുകളും കിഫ്ബി വഴി 20,000 കോടിയുടെ പദ്ധതികളും. 12000 പൊതു ശൗചാലയങ്ങൾ, ഒരു ലക്ഷം വീടുകൾ, രണ്ടര ലക്ഷം കുടിവെള്ള പദ്ധതികളും ബജറ്റ് പ്രഖ്യാപനത്തില്‍. സിഎഫ്എല്‍, ഫിലമെന്‍റ് ബൾബുകൾ നിരോധിക്കുമെന്ന പ്രഖ്യാപനം ശ്രദ്ധേയമായി.

20 ഫ്ലൈഓവറും 74ന പാലങ്ങളും 10 ബൈപ്പാസുകളും നിർമിക്കും. പ്രവാസി ക്ഷേമത്തിന് പ്രത്യേക വിഹിതം മാറ്റിവെച്ച ബജറ്റില്‍ ടൂറിസം വികസനത്തിനും വൈദ്യുത പദ്ധതികൾക്കും പണം നീക്കിവെച്ചു. 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകൾ കുടുംബശ്രീ വഴി സ്ഥാപിക്കുമെന്നും പ്രഖ്യാപനം. ആരോഗ്യമേഖലയില്‍ ഓങ്കോളജി പാർക്കും നഴ്സുമാർക്ക് വിദേശത്ത് തൊഴില്‍ തേടാൻ പദ്ധതിയും തോമസ് ഐസക്ക് പ്രഖ്യാപിച്ചു. തൊഴിലില്ലായ്മയും കേന്ദ്ര വിഹിതത്തിലെ കുറവും പ്രതിസന്ധിയായി ചൂണ്ടിക്കാണിച്ച തോമസ് ഐസക്ക് അടുത്ത വർഷം സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്ന പ്രഖ്യാപനവും ശ്രദ്ധേയം.

വീടില്ലാത്തവർക്ക് ഒരു ലക്ഷം ഫ്ലാറ്റുകൾ, സൗജന്യ ഇന്‍റർനെറ്റ്, സമ്പൂർണ ക്ലാസ് ഡിജിറ്റലൈസേഷൻ, 44 സ്റ്റേഡിയങ്ങൾ എന്നിവയും ബജറ്റ് പ്രഖ്യാപനത്തില്‍. മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങൾക്കുമായി 40,000 വീടുകൾ, ക്ലീൻ കേരളയ്ക്ക് 20 കോടി, ആലപ്പുഴ പൈതൃക നഗരമാക്കും, പ്രാദേശിക സംരഭങ്ങൾ വഴി തൊഴിലുകൾ, കേരളത്തില്‍ ആരംഭിക്കുന്ന തൊഴില്‍ സംരഭങ്ങൾക്ക് ആദ്യ മാസത്തെ പിഎഫ് വിഹിതം സർക്കാർ നല്‍കും തുടങ്ങി സുപ്രധാന പ്രഖ്യാപനങ്ങളും ബജറ്റില്‍.
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് ധനമന്ത്രി തോമസ് ഐസക്ക് ഇടതുപക്ഷ സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് വായിച്ചുത്തുടങ്ങിയത്. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പരാമർശിച്ച തോമസ് ഐസക്ക്, ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
മനസെല്ലാം നമ്മള്‍ നിനക്കാത്തെതെല്ലാം കൊടുങ്കാറ്റ്...എന്ന കഥ പരാമർശിച്ച തോമസ് ഐസക്ക് വയനാട് മീനങ്ങാടി സ്കൂളിലെ രൂപത് ഗൗതം എഴുതിയ ഭയം രാജ്യമാണ് അവിടെ നിശബ്ദത ഒരു ആവരണമാണ് എന്ന കവിതയും പരാമർശിച്ചു. ഇന്ത്യയ്ക്ക് മാതൃകയാണ് കേരളമെന്നും ധനമന്ത്രി പറഞ്ഞു. രാജ്യം ഭീതിയുടെ നിഴലിലാണ്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഹിംസയുടെയും കാലമാണിത്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കാലത്ത്, തെരുവിലിറങ്ങിയ യുവാക്കളിലാണ് പ്രതീക്ഷയെന്നും യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടായി പൗരത്വനിയമ ഭേദഗതിക്കെതിരെ അണിചേര്‍ന്നത് മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം വിസ്‌മയമായിരുന്നുവെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. 2009ന് സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം തകര്‍ന്ന് വീഴുന്നതെന്ന് പറഞ്ഞ കേരള ധനമന്ത്രി എല്ലാ തകര്‍ച്ചയെയും കേരളം അതിജീവിച്ചെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനോടുള്ള കേന്ദ്രത്തിന്‍റെ അവഗണനയും തോമസ് ഐസക്ക് ഉയര്‍ത്തിക്കാട്ടി.

ABOUT THE AUTHOR

...view details