തിരുവനന്തപുരം:ബിജെപി സംസ്ഥാന ഘടകത്തിന്‍റെ സോഷ്യല്‍ മീഡിയ ഇടപെടല്‍ തൃപ്‌തികരമല്ലെന്ന് വിമര്‍ശനം(Kerala Bjp Social Media Strategy). കേരളത്തിന്‍റെ സഹ പ്രഭാരിയും ദേശീയ ജനറൽ സെക്രട്ടറിയുമായ രാധാമോഹൻദാസ് അഗർവാളാണ് കാതലായ വിമര്‍ശനം എക്‌സിലൂടെ പ്രകടിപ്പിത്. അതുകൊണ്ട് തന്നെയാകണം കേരളത്തിൽ സാമൂഹിക മാധ്യമ പ്രചാരണത്തിൽ കാര്യമായ അഴിച്ചുപണി നടത്താന്‍ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചത്.
സംസ്ഥാനത്തെ സോഷ്യല്‍ മീഡിയയുടെ ചുമതല കൂടുതൽ പ്രൊഫഷണലായ സംഘത്തെ ഏല്‍പ്പിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞ് വരുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിൽ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ പരസ്യമായി വിമർശിക്കുകയും ചെയ്‌തിരുന്നു.
'കേരളത്തിൽ വർഷത്തിൽ നൂറുകണക്കിന് യോഗങ്ങളിൽ പങ്കെടുക്കുന്ന ഞാന്‍ തമിഴ്‌നാട്ടില്‍ ഒരു തവണ പോയപ്പോള്‍ തമിഴ്‌നാട് ബിജെപിയുടെ പ്രവർത്തനങ്ങളിലും സമൂഹമാധ്യമ പ്രചാരണത്തിലും മാറ്റം കണ്ടെത്തിയിരുന്നു'. എന്നായിരുന്നു വിമര്‍ശനം. ഇത് വിവാദമായതോടെ അദ്ദേഹം വാക്കുകള്‍ പിന്‍വലിച്ചു. അതേ സമയം കേരളത്തിൽ സമൂഹമാധ്യമ പ്രചാരണത്തിന്‍റെ ചുമതലകളിൽ കാര്യമായ അഴിച്ചുപണിക്ക് ദേശീയ നേതൃത്വം ഒരുങ്ങുന്നുവെന്ന വിവരങ്ങൾ തന്നെയാണ് പുറത്ത് വരുന്നത്. കേരളത്തിൽ സംഘടന സമൂഹമാധ്യമ പ്രചാരണത്തിൽ കാര്യമായി പിന്നോട്ട് പോയെന്നാണ് വിലയിരുത്തൽ.