തിരുവനന്തപുരം:കേരളത്തെ സമ്പൂര്‍ണ ഇ - ഗവേര്‍ണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നാതാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ഇ - സേവനം പോര്‍ട്ടല്‍ എന്ന ഏകജാലക സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്.
ഇതിലൂടെ ഏകദേശം 900 സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്. മറ്റൊരു പദ്ധതിയായ ഇ - ഡിസ്ട്രിക്‌ട് മുഖേന 7.5 കോടിയോളം സര്‍ട്ടിഫിക്കറ്റുകളും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇ - ഗവേര്‍ണിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്‍റര്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ ഡേറ്റാ സെന്‍ററിനെ 14 ജില്ല ആസ്ഥാനങ്ങളുമായും 152 ബ്ലോക്ക് ആസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് പദ്ധതി ആവിഷ്‌ക്കരിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ളിലെ ഫയല്‍ നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ - ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി എല്ലാ വില്ലേജ് ഓഫിസുകളെയും സ്‌മാര്‍ട്ട് വില്ലേജ് ഓഫിസുകളാക്കി മാറ്റും. റീ - സര്‍വേ നടപടികളെ ശാസ്ത്രീയവും സുതാര്യവും വേഗതയുള്ളതും ആക്കുന്ന ഡിജിറ്റല്‍ റീ - സര്‍വേ പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ വര്‍ഷം സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്‍റ് സമ്പ്രദായം നടപ്പാക്കുകയും അതുവഴി 250 സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുകയും ചെയ്‌തു.
കേരള ജിയോ പോര്‍ട്ടല്‍ - 2: കേരള സ്‌പെഷ്യല്‍ ഡേറ്റാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മുഖേന കേരള ജിയോ പോര്‍ട്ടല്‍ - 2 ആരംഭിച്ചു. ഇതുവഴി കേരളത്തിലെ 600 പഞ്ചായത്തുകളിലും 31 മുനിസിപ്പാലിറ്റികളിലും ദുരന്തനിവാരണ മാപ്പിങ് പൂര്‍ത്തിയാക്കി. സൈബര്‍ സാങ്കേതികതയുടെ ഈ കാലത്ത് അതിനനുസരിച്ചുള്ള നവീകരണം കേരള പൊലീസിലും നടപ്പിലാക്കിയിട്ടുണ്ട്.