തിരുവനന്തപുരം:നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കു നേർ. കണ്ണൂർ ചാലിശേരിയിൽ ആക്രി സാധനങ്ങൾക്കിടയിലെ സ്റ്റീൽ ബോംബ് പൊട്ടി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കവെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും പരസ്‌പരം രാഷ്‌ട്രീയ വിമർശനമുയർത്തിയത്. സ്‌ഫോടനം നടന്നത് ദൗർഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമായി നടക്കുന്നതായി സഭയെ അറിയിച്ചു.
സ്‌ഫോടനം നടന്ന സ്ഥലം എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്രസ്വഭാവമുള്ള സംഘടനകൾക്ക് സ്വാധീനമുള്ള മേഖലയാണ്. ഇവരുടെ നേതൃത്വത്തിലാണ് ആയുധ ശേഖരമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടർന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ സണ്ണി ജോസഫ് എം.എൽ.എ വർഗീയ കക്ഷികൾക്ക് മാത്രമല്ല സി.പി.എമ്മിനും കണ്ണൂരിൽ നടക്കുന്ന ബോംബ് നിർമാണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി പ്രകോപിതനായത്. കോൺഗ്രസിനും കേരളത്തിലെ നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.
നാടിന്‍റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ബോധപൂർവം പ്രതിപക്ഷം ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അത്യാവശ്യം കൂടെ കൂട്ടാവുന്നവരാണ് ഇവരെന്ന് മനസിലാക്കിയുള്ള നിലപാടാണ് കോൺഗ്രസിന് കേരളത്തിൽ. മറ്റ് സംസ്ഥാനങ്ങളിലെ സംഭവങ്ങൾ നോക്കണം.