തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചതില്‍ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. സഭ നടപടി നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. അഡ്വ. എം വിന്‍സന്‍റ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
ചരിത്രത്തില്‍ ഇല്ലാത്ത വിധമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ നികുതി ആക്രമണങ്ങള്‍ നടത്തിയത്. ഇതിന്‍റെ അടുത്ത ദിവസത്തില്‍ തന്നെ വെള്ളക്കരവും വര്‍ധിപ്പിച്ചു. ആരാച്ചാര്‍ക്കുള്ള ദയ പോലും ഈ സര്‍ക്കാരിനില്ല.
വെള്ളത്തിനും, വെളിച്ചത്തിനും നികുതി നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഇനി വായുവിനും നിരക്ക് വര്‍ധിപ്പിക്കുമെന്നും വിന്‍സന്‍റ് എംഎല്‍എ കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
മറുപടിയുമായി മന്ത്രി:നിരക്ക് വര്‍ധനയെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ന്യായീകരിച്ചു. കാലാകാലങ്ങളില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാതെ സേവന സ്ഥാപനങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് വാട്ടര്‍ അതോറിറ്റി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
4912 കോടി രൂപയുടെ സഞ്ചിത നഷ്‌ടത്തിലാണ് അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു പൈസയുടെ വര്‍ധനവ് മാത്രമാണ് നടത്തിയിരിക്കുന്നത്. ഇതുമൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല.
ഇതിലൂടെ 400 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഭിന്നശേഷിക്കാരുള്ള വീടുകളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബങ്ങളിലും നിരക്ക് വര്‍ധന ഏര്‍പ്പെടുത്തില്ല. സര്‍ക്കാര്‍ നടപടികളോട് പ്രതിപക്ഷം സഹകരിക്കണമെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.
മരണക്കിടക്കയിൽ കിടക്കുന്നവരുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടി പിണറായി സർക്കാർ ചെയ്‌തിട്ടില്ല. നാല് പേരുള്ള ഒരു കുടുംബത്തിന് 100 ലിറ്റർ വെള്ളം പോലും ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം:നിരക്കില്‍ ഒരു പൈസയുടെ വര്‍ധനവാണുണ്ടായതെന്ന മന്ത്രിയുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് തള്ളി. 44 രൂപ ബില്ല് തുക കൊടുത്തിരുന്നവര്‍ പുതിയ നിരക്ക് വര്‍ധനവിന് ശേഷം 144 രൂപ നല്‍കേണ്ടി വരും. 144 രൂപ നല്‍കിയിരുന്നവര്‍ 344 രൂപ കൊടുക്കേണ്ട സ്ഥിതിയാണ്.
ജനങ്ങളുടെ കരണത്തടിക്കുന്ന നടപടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സഭ സമ്മേളിക്കുന്നതിനിടെ നിരക്ക് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത് നിയമസഭയോടുള്ള അവഹേളനമാണെന്നും സതീശൻ പറഞ്ഞു.
400 കോടി അധികമായി ലഭിക്കുമെന്ന് പറയുന്നത് ആകാശത്ത് നിന്നല്ല. ജനങ്ങളില്‍ നിന്നും പിടിച്ചുവാങ്ങുകയാണ്. ഒരു പൈസ എന്ന് പറയുന്ന ന്യായം അംഗീകരിക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ക്കറിയാവുന്ന റോഷി അഗസ്റ്റിന്‍ ഇങ്ങനെ മറുപടി പറയുന്ന ആളായിരുന്നില്ല. മന്ത്രി ആയതിന്‍റെയോ, അപ്പുറത്തേക്ക് പോയതിന്‍റെയോ പ്രശ്‌നമാണ് ഇതെന്നും സതീശന്‍ പരിഹസിച്ചു.