തിരുവനന്തപുരം: കേരള നിയമസഭ മന്ദിരത്തിന്‍റെ 25 -ാം വാർഷികം ഈ മാസം 22ന് നടക്കും. ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വച്ച് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാവിലെ 10.30 ന് നിർവ്വഹിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ അറിയിച്ചു. ഉപരാഷ്ട്രപതിയുടെ ആദ്യ കേരള സന്ദർശനം കൂടിയാണ് ഇത്.
സിൽവർ ജൂബിലിയുടെ ഭാഗമായി ജനുവരിയിൽ നടത്തിയ അന്താരാഷ്ട്ര പുസ്‌തകോത്സവം സംബന്ധിച്ച് തയ്യാറാക്കിയ സുവനീറിൻ്റെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും. നിലവിലുള്ള എംഎൽഎമാർക്ക് പുറമേ മുൻ എംഎൽഎമാരെയും മുൻ നിയമസഭ ജീവനക്കാരെയും പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ചേരുന്ന മുൻ നിയമസഭാംഗങ്ങളുടെ കൂട്ടായ്‌മയിൽ കേരള മുൻ മുഖ്യമന്ത്രിമാരെയും സ്‌പീക്കർമാരെയും ആദരിക്കും. ചടങ്ങിൽ അഖിലേന്ത്യ മാസ്റ്റേഴ്‌സ് മീറ്റുകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ പിറവം മുൻ എംഎൽഎ എം ജെ ജേക്കബിനെയും ആദരിക്കും. ശേഷം നിയമസഭാംഗങ്ങളുടെയും ജീവനക്കാരുടെയും മറ്റ് കലാകാരന്മാരുടെ വിവിധ കലാപരിപാടികളും സിൽവർ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും.
ഉദ്‌ഘാടനം ചെയ്‌തത് കെ ആർ നാരായണൻ: 1998 മെയ് 22ന് ഇ കെ നായനാർ മന്ത്രിസഭ മുതലാണ് പുതിയ നിയമസഭ മന്ദിരo പ്രവർത്തനമാരംഭിച്ചത്. എൻ വിജയകുമാറായിരുന്നു അന്നത്തെ സ്‌പീക്കർ. അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണനായിരുന്നു പുതിയ നിയമസഭ മന്ദിരം ഉദ്ഘാടനം ചെയ്‌തത്. ചീഫ് ആർക്കിടെക് രാമസ്വാമി അയ്യറാണ് മന്ദിരം രൂപകൽപ്പന ചെയ്‌തത്.