തിരുവനന്തപുരം :ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഏകകണ്ഠേന പ്രമേയം പാസാക്കി കേരള നിയമസഭ. ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയുമായി കേരളത്തിന്റേത്. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം വ്യക്തമാക്കുന്നു.
ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഇത് വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുകയാണ്. ഈ ആശങ്ക കേരള നിയമസഭയും പങ്കുവയ്ക്കുന്നുവെന്ന് പ്രമേയം സൂചിപ്പിക്കുന്നു.
ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗീയ നീക്കമാണ് ഏക സിവിൽ കോഡെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത് ഹാനികരമാണെന്നും പ്രമേയം അടിവരയിട്ട് പറയുന്നു. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള നിയമസഭ ഏകകണ്ഠേന ആവശ്യപ്പെട്ടു.
'കേരളം ജാഗ്രതപുലര്‍ത്തുന്നു എന്നതിന്റെ തെളിവ്' :നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി സംഘപരിവാറിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ മതനിരപേക്ഷത ഇന്ത്യ ഉറപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ ഒരുമയെ ശിഥിലമാക്കാനുള്ള വര്‍ഗീയ നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.
ഇത് എന്നും, രാഷ്ട്രത്തിന്റെ ഐക്യത്തിന് ഹാനികരമാണ്. കേന്ദ്രം ഭരിക്കുന്ന സംഘപരിവാറിന്റെ അജണ്ട മനുസ്മൃതി മാതൃകയിൽ ഭരണഘടന രൂപപ്പെടുത്തുക എന്നതാണ്. അതിനായി ഭരണഘടനയെ അക്ഷരത്തിലും തള്ളി പറയുകയാണ് സംഘപരിവാർ.