തിരുവനന്തപുരം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന. തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നതിനായാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നത്. നാളെ (ഓഗസ്റ്റ് 9) ചേരുന്ന കാര്യോപദേശക സമിതിയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കം അംഗമായ കാര്യോപദേശക സമിതിയില്‍ എതിര്‍പ്പുയര്‍ന്നില്ലെങ്കില്‍ സമ്മേളനം വെട്ടിച്ചുരുക്കും. സെപ്‌റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ്. വളരെ കുറച്ച് സമയം മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുക. അതിനിടയിലെ നിയമസഭ സമ്മേളനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാന്‍ കാരണം.
അടുത്ത മാസം അവസാനത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍. എന്നാല്‍ ഈ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച പ്രഖ്യാപനമാണ് ഇലക്ഷന്‍ കമ്മിഷനില്‍ നിന്നുണ്ടായത്. സമ്മേളനത്തിലെ ആദ്യ അടിയന്തര പ്രമേയത്തില്‍ തന്നെ വിലക്കയറ്റവും സപ്ലൈകോയിലെ അവശ്യ സാധനങ്ങളുടെ അഭാവവും ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു. തെരഞ്ഞെടുപ്പിലും സംസ്ഥാന സര്‍ക്കാറിനെ ജനമനസുകളില്‍ വിചാരണ ചെയ്യുന്ന പ്രചരണം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാറിന്‍റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമസഭ സമ്മേളനം:പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആരംഭിച്ചത് ഓഗസ്റ്റ് ഏഴിനാണ്. ഓഗസ്റ്റ് 24 വരെ സമ്മേളനം തുടരുമെന്നായിരുന്നു സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ പ്രഖ്യാപിച്ചത്. ഒട്ടേറെ സുപ്രധാന ബില്ലുകള്‍ സമ്മേളനത്തില്‍ പരിഗണിക്കുമെന്നും സ്‌പീക്കര്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.