തിരുവനന്തപുരം :പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം തിങ്കളാഴ്ച മുതൽ ആരംഭിക്കും. സ്കൂള്‍ തുറക്കല്‍, മോൺസൺ മാവുങ്കലിന് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം, കൊവിഡ് മരണ റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ് സഭാസമ്മേളനം നടക്കുന്നത്. സ്ത്രീ സുരക്ഷ അടക്കമുള്ള വിഷയങ്ങളും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ അദാനി ഗ്രൂപ്പ് വൈകിപ്പിക്കുന്നതും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിലെ അപാകതയും ചര്‍ച്ചയായേക്കും. എന്നാല്‍ മാവുങ്കലുമായുള്ള കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍റെ ബന്ധം പ്രതിപക്ഷത്തെ പ്രതിരോധത്തില്‍ ആക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ആയുധമാക്കിയാകും ഭരണപക്ഷം പ്രതിപക്ഷാരോപണങ്ങളുടെ മുനയൊടിക്കുകയെന്നുമാണ് വിലയിരുത്തല്‍.
ഒക്ടോബർ 4 മുതൽ നവംബർ 12 വരെ 24 ദിവസമാണ് സമ്മേളനം. 2021-22 സാമ്പത്തിക വർഷത്തെ അനുബന്ധ ധനകാര്യ പ്രസ്താവനയും ചർച്ചയ്ക്ക് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കർ എം ബി രാജേഷ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
'ഇ-അസംബ്ലി' പദ്ധതിയുടെ ഭാഗമായി നവംബർ 1 മുതൽ പേപ്പർ രഹിതമായാണ് സഭാ സമ്മേളനം. കൊവിഡ് പശ്ചാത്തലത്തില്‍ വൈകിയ ബില്ലുകള്‍ പാസാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായാണ് സഭ അടിയന്തര പ്രാധാന്യത്തോടെ കൂടുന്നത്.