തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് അടുത്ത മാസം 30 ലേക്ക് കോടതി മാറ്റി. മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിലാണ് കേസ് നടപടികൾ മാറ്റിയത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ ആറു പ്രതികളുടെയും വിടുതൽ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടർന്ന് പ്രതികളോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.
ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ ഹർജി കോടതി അടുത്ത മാസം പരിഗണിക്കുകയുള്ളൂ എന്ന പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് കോടതി കേസ് നടപടികൾ മാറ്റിയത്.