തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് (ഓഗസ്റ്റ് 22) തുടക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന്‍റെ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പ്രത്യേക സഭ സമ്മേളനം ചേരുന്നത്. സ്‌പീക്കര്‍ എം.ബി രോജേഷിന്‍റെ പ്രസംഗത്തോടെയാണ് തുടക്കമായത്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം കേവലം ആഘോഷങ്ങള്‍ക്കുള്ള അവസരം മാത്രമല്ലെന്നും ഇക്കാലയളവില്‍ ഭരണഘടന വാഗ്‌ദാനം ചെയ്ത സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ വാഗ്‌ദാനങ്ങള്‍ സാധാരണക്കാര്‍ക്ക് ആസ്വദിക്കാനായോ എന്ന് വിശകലനം ചെയ്യാനും വിലയിരുത്താനുമുള്ള അവസരം കൂടിയാണെന്നും സ്‌പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. ഭരണഘടനാ വാഗ്‌ദാനങ്ങള്‍ ഇപ്പോള്‍ രാജ്യത്തിന് വലിയ വെല്ലുവിളിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് വേണ്ടി നടത്തിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവയ്ക്കായുള്ള ഡോ.ബി.ആര്‍ അംബേദ്‌കറിന്‍റെ ഇടപെടലുകളും സ്‌പീക്കര്‍ അനുസ്‌മരിച്ചു. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഛിദ്രശക്തികളുടെ ശ്രമങ്ങളെ ചെറുക്കാനും പരാജയപ്പെടുത്താനും ഇന്ത്യയെ ജനാധിപത്യ സാമൂഹിക റിപ്പബ്ലിക്കായി നിലനിര്‍ത്താനും ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്‌ഠേന പാസാക്കി. സ്വാതന്ത്യ സമര സേനാനികളുടെ സംഭാവനകളെ ദേശീയ പ്രസ്ഥാനത്തില്‍ നിന്ന് ഇല്ലാതാക്കാനായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവയെ ചെറുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനികള്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പ്രത്യേകിച്ചും ദക്ഷിണേന്ത്യയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അനുസ്‌മരിച്ചു. അത്തരത്തില്‍ അവര്‍ നല്‍കിയ സംഭാവനകള്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമാക്കണം. അവരെയോ അവരുടെ സംഭാവനകളെയോ അവഗണിക്കുന്ന ഏതൊരു അവസരവും ഇല്ലാതാക്കാന്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതേതരത്വം, ഫെഡറലിസം, സമത്വം, സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും ശക്തമായി പോരാടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹൈപ്പർ-നാഷണലിസം രാജ്യത്തെ ഭിന്നിപ്പിക്കുക മാത്രമല്ല സ്വാതന്ത്ര്യത്തെയും ഭരണഘടന തത്വങ്ങളെയും നാശത്തിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അല്‍പം വൈകിയാണെങ്കിലും സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തില്‍ ഇത്തരമൊരു സമ്മേളനം ചേരാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മഹാത്മാഗാന്ധി, ജവര്‍ലാല്‍ നെഹ്‌റു എന്നിവരെ മാറ്റി നിര്‍ത്തി അവരുടെ സ്ഥാനത്ത് മറ്റുളളവരെ പ്രതിഷ്‌ഠിക്കാനുള്ള ശ്രമം രാജ്യത്തെ ഫാസ്റ്റിസ് ഗ്രൂപ്പുകളുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്ന അടയാളമാണ്. നാസികള്‍ ജൂതന്മാരെ ലക്ഷ്യംവച്ചത് പോലെ അത്തരക്കാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുമെന്നും സതീശന്‍ പറഞ്ഞു.
also read:രാജ്യത്തെ ജനതയെ ചേരിതിരിക്കാനും ഒരുമ തകര്‍ക്കാനും ശ്രമമെന്ന് മുഖ്യമന്ത്രി, ഫാസിസം അപകടകരമായ അളവില്‍ വളരുന്നുവെന്ന് വി.ഡി സതീശന്‍
മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ സ്‌പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പുറമെ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒന്നിച്ച് പോരാടണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെയും ജനങ്ങളുടെയും ഐക്യം തകർക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ഒന്നിച്ച് നില്‍ക്കണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി എല്ലാവരും പ്രതിജ്ഞയുമെടുത്തു.