തിരുവനന്തപുരം:അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിൽ കയറിയിരുന്നു പ്രതിഷേധിച്ചു. സ്വപ്‌ന വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎ നൽകിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. നടുത്തളത്തിൽ പ്രതിഷേധം നടക്കുമ്പോൾ പ്രതിപക്ഷനേതാവിന് മൈക്ക് കൊടുക്കാനാകില്ലെന്ന് സ്‌പീക്കർ നിലപാട് എടുത്തു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് സീറ്റിലേക്ക് മടങ്ങി.
ആദ്യ സബ്‌മീഷനു ശേഷം സ്‌പീക്കർ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകി. റൂൾ ഫിഫ്റ്റി പ്രകാരമുള്ള അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച ശേഷം പ്രതിപക്ഷ നേതാവിന് അവസരം നൽകാത്തത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന് വി.ഡി.സതീശൻ ആരോപിച്ചു. കൂട്ടായ പ്രതിഷേധം ഉള്ളതിനാലാണ് മൈക്ക് നൽകാത്തതെന്ന് സ്‌പീക്കർ വിശദീകരിച്ചു.