തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ മുന്നാം സമ്മേളനം ഒക്‌ടോബര്‍ 4ന് ആരംഭിക്കും. പൂര്‍ണമായും നിയമ നിര്‍മാണത്തിനു വേണ്ടിയുള്ളതാണ് സമ്മേളനം. ആകെയുള്ള 24 ദിവസത്തെ സമ്മേളനത്തില്‍ 19 ദിവസം നിയമ നിര്‍മാണത്തിനും 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ഥനകള്‍ക്കുമായി മാറ്റി വച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് അറിയിച്ചു.
45 ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാനുണ്ട്. ആദ്യ രണ്ടു ദിവസം പരിഗണിക്കുന്ന ബില്ലുകള്‍ സ്പീക്കറാണ് തീരുമാനിക്കുന്നതെന്നും മറ്റ് ദിവസങ്ങളില്‍ പരിഗണിക്കേണ്ട ബില്ലുകളെ സംബന്ധിച്ച തീരുമാനം കാര്യോപദേശക സമിതി നിശ്ചയിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി സഭ സമ്മേളന ദിനത്തില്‍ ഗണ്യമായ കുറവു വന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ നിയമമാക്കാന്‍ യഥാസമയം കഴിയാതിരുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.