തിരുവനന്തപുരം: കേരള നിയമസഭ ലൈബ്രറി ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി 'കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2022' സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ. നവംബർ 28 മുതൽ ഡിസംബർ 4 വരെയാണ് പുസ്‌തകോത്സവം സംഘടിപ്പിക്കുക. നൂറാം വാർഷികത്തിന്‍റെ ഭാഗമായി നിയമസഭ ലൈബ്രറിയിൽ പൊതുജനങ്ങൾക്ക് കൂടി അംഗത്വം നൽകും.
കേരളപ്പിറവി ദിനത്തിൽ (നവംബർ 1) പൊതുജന അംഗത്വ വിതരണ പരിപാടി മുൻ സ്‌പീക്കറും മന്ത്രിയുമായ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്‌തുവെന്നും എ എൻ ഷംസീർ പറഞ്ഞു. നൂറിലധികം സ്റ്റാളുകളിലായി സംഘടിപ്പിക്കുന്ന പുസ്‌തകോത്സവത്തിൽ ദേശീയ, അന്തർദേശീയ, പ്രാദേശിക പ്രസാധകരുടെ പങ്കാളിത്തം ഉണ്ടാകും. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രവേശനം.