കേരളം

kerala

ETV Bharat / state

സമരം തന്നെ ജീവിതം: വിഎസ് പ്രഭാവമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് - വിഎസ് അച്യുതാനന്ദൻ തെരഞ്ഞെടുപ്പ് ചരിത്രം

നീട്ടിയും കുറുക്കിയും ഹാസ്യം നിറച്ചും എതിരാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ആ പഴയ വിഎസ് പ്രസംഗം ഇന്നില്ല. പ്രായം വല്ലാതെ മുന്നോട്ടുപോയപ്പോൾ വിഎസ് പതിയ വിശ്രമജീവിതത്തിലേക്ക് ചുവടുമാറ്റി. 2021... കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മലമ്പുഴയില്‍ ആ പഴയ മുദ്രാവാക്യമില്ല.

Kerala Assembly Election campaign without VS Achuthanandan
സമരം തന്നെ ജീവിതം: വിഎസ് പ്രഭാവമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്

By

Published : Apr 2, 2021, 6:16 PM IST

കണ്ണേ കരളേ വിഎസേ... കേരളം പലതവണ ആവർത്തിച്ച് വിളിച്ച മുദ്രാവാക്യം. "ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ... പോരാട്ടത്തിൻ പോർ വീഥികളില്‍ മുന്നില്‍ നിന്ന് നയിച്ച സഖാവെ... ഞങ്ങടെ ചങ്കിലെ വീരസഖാവെ, നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ".. 2006ല്‍ രണ്ടാം തവണ മത്സരിക്കാനായി മലമ്പുഴയിലെത്തുമ്പോൾ മുദ്രാവാക്യത്തിന്‍റെ കരുത്ത് കൂടുകയാണ്. ഇത്തവണ സീറ്റില്ലെന്നാണ് പാർട്ടി ആദ്യം തീരുമാനിച്ചത്. പക്ഷേ ആ തീരുമാനം പാർട്ടിക്ക് തിരുത്തേണ്ടി വന്നു. വിഎസ് മലമ്പുഴയില്‍ മത്സരിക്കുന്നു, പാർട്ടിയും വിഎസും ജയിക്കുന്നു. അതു വരെ കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരു മന്ത്രി പോലും ആകാതിരുന്ന വിഎസ് അച്യുതാനന്ദൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകുന്നു. അഴിമതിക്കെതിരായ പോരാട്ടം, പ്രകൃതി സംരക്ഷണത്തിനായുള്ള നിലപാടുകൾ, ഇടപെടലുകൾ, സ്ത്രീസുരക്ഷ ലക്ഷ്യമിട്ടുള്ള പദ്ധതികൾ... വിഎസ് ജനങ്ങളുടേതായിരുന്നു. പാർട്ടിയും വിഎസും രണ്ടു ധ്രുവങ്ങളില്‍ പോരടിച്ചപ്പോഴും കേരളത്തിന്‍റെ പൊതുസമൂഹം വിഎസിനൊപ്പം നിന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടി വിഎസിന് സീറ്റ് നിഷേധിച്ചു. പക്ഷേ പാർട്ടിക്ക് ജയിക്കണമെങ്കില്‍ വിഎസ് വേണമായിരുന്നു. മലമ്പുഴയില്‍ വീണ്ടും ആ മുദ്രാവാക്യം ഉയർന്നു കേട്ടു. കണ്ണേ കരളേ വിഎസേ... പാർട്ടി കീഴടങ്ങി.. മലമ്പുഴയില്‍ നിന്ന് വിഎസ് ജയിച്ചു. പക്ഷേ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടായില്ല. പക്ഷേ നിയമസഭയിലെ പ്രതിപക്ഷ നിരയില്‍ വിഎസിനെ നേരിടാൻ യുഡിഎഫിന് നന്നേ വിയർക്കേണ്ടി വന്നു. 2016.. വിഎസ് തന്നെ താരം. 93-ാം വയസിലും കേരളം മുഴുവൻ വിഎസ് നയിച്ച പ്രചാരണം. അഴിമതിക്കെതിരായ വിഎസിന്‍റെ വാക്കുകൾ കേരളം കേട്ടു. 91 സീറ്റുകളുമായി എല്‍ഡിഎഫ് അധികാരത്തിലേക്ക്. പക്ഷേ മുഖ്യമന്ത്രിയായത് പിണറായി വിജയൻ.

നീട്ടിയും കുറുക്കിയും ഹാസ്യം നിറച്ചും എതിരാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ആ പഴയ വിഎസ് പ്രസംഗം ഇന്നില്ല. പ്രായം വല്ലാതെ മുന്നോട്ടുപോയപ്പോൾ വിഎസ് പതിയ വിശ്രമജീവിതത്തിലേക്ക് ചുവടുമാറ്റി. 2021... കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മലമ്പുഴയില്‍ ആ പഴയ മുദ്രാവാക്യമില്ല. പക്ഷേ വിഎസ് നയിച്ച കർഷക, ഭൂ, പരിസ്ഥിതി സമരങ്ങൾ എന്നും കേരളത്തിന് മാതൃകയാണ്. അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ സിപിഎം അതിന്‍റെ പരമോന്നത ഘടകമായ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കിയപ്പോഴും വിഎസ് ഇവിടെത്തന്നെയുണ്ടായിരുന്നു. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ സമരതീഷ്ണമായ രാഷ്ട്രീയ ജീവിതവും അനുഭവ സമ്പന്നമായ വ്യക്തിജീവിതവും വിഎസിന് മാത്രം സ്വന്തം.

കാലത്തിന്‍റെ പഴക്കം വിഎസ് എന്ന രണ്ട് അക്ഷരത്തിലേക്ക് ഒതുങ്ങുമ്പോൾ വർഷം 1965. സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് ആദ്യമായി വിഎസ് നിയമസഭയിലേക്ക് മത്സരിക്കുന്നു. തോല്‍വിയായിരുന്നു ഫലം. പക്ഷേ 1967ല്‍ വിഎസ് ജയിച്ചു കയറി. 1970ലും വിജയിച്ചു. പക്ഷേ 1977ല്‍ വീണ്ടും പരാജയം. പിന്നീട് സംഘടനാ രംഗത്ത് സജീവം. 1991ല്‍ വീണ്ടും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. പാർട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായില്ല. 1996ല്‍ മാരാരിക്കുളത്ത് വിഎസ് വീണ്ടും മത്സരിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന വിഎസ് അപ്രതീക്ഷിതമായി തോല്‍ക്കുന്നു. പാർട്ടിയാണ് തോല്‍പ്പിച്ചതെന്ന് പറഞ്ഞ വിഎസ് സ്വന്തം നാടായ അമ്പലപ്പുഴയും മാരാരിക്കുളവും വിട്ട് കമ്മ്യൂണിസ്റ്റ് കോട്ടയായ മലമ്പുഴയിലേക്ക് പോയി. പക്ഷേ മത്സരിച്ച് ജയിച്ചെങ്കിലും പതിവുപോലെ പാർട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായില്ല. 2006ല്‍ പാർട്ടി ഉയർത്തിയ എല്ലാ എതിർപ്പുകളും മറികടന്ന ജനങ്ങളുടെ വിഎസ് മലമ്പുഴയില്‍ നിന്ന് നിയമസഭയിലേക്കും മുഖ്യമന്ത്രിക്കസേരയിലേക്കും നടന്നുകയറി.

പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും തിളങ്ങി നിന്ന് വിഎസ് കേരളത്തിന്‍റെ പൊതുസമൂഹത്തില്‍ സൃഷ്ടിച്ച തരംഗം സിപിഎമ്മില്‍ മറ്റാർക്കും സൃഷ്ടിക്കാനായിട്ടില്ല. 2021ല്‍ കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ സിപിഎമ്മിന്‍റെ സ്റ്റാർ കാമ്പയിനറായി വിഎസ് ഇല്ല. 2006 മുതല്‍ 2016 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനെ മുന്നില്‍ നിന്ന് നയിച്ച വിഎസ് ഇനി വിശ്രമിക്കട്ടെ. നീട്ടിയും കുറുക്കിയും വിഎസ് കൊളുത്തിവിട്ട വാക്കുകൾ ഇന്നും കേരള മനസാക്ഷിയുടെ മുന്നിലുണ്ട്. അണികൾക്ക് ആവേശമായും പാർട്ടിയില്‍ തിരുത്തലായും വിഎസ് ഇവിടെയുണ്ട്.

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്‌ടോബർ 20ന് ജയിച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് കയർ ഫാക്‌ടറിയില്‍ ജോലി ചെയ്താണ് ജീവിതം ആരംഭിച്ചത്. 1940ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1959ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസില്‍ അംഗമായ വിഎസ് 1964ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ തലത്തില്‍ പിളർന്നപ്പോൾ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി. 1964ല്‍ സിപിഐ ദേശീയ കൗൺസില്‍ യോഗത്തില്‍ നിന്ന് ഇറങ്ങി വന്ന് സിപിഎം രൂപീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവാണ് വിഎസ്. 2018 മെയ് 18ന് കേരളത്തിന്‍റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 83 വയസായിരുന്നു വിഎസിന്. ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായ വ്യക്തിയും വിഎസാണ്.

ABOUT THE AUTHOR

...view details