കേരളം

kerala

ശബരിമലയില്‍ നിന്ന് പിൻവാതില്‍ നിയമനങ്ങളിലേക്ക്: സീറ്റ് ചർച്ചകളും സജീവം

By

Published : Feb 8, 2021, 7:56 PM IST

ശബരിമലയും പിൻവാതില്‍ നിയമനവും സജീവ ചർച്ചയാക്കിയ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു എന്ന സൂചനയാണ് നല്‍കുന്നത്. സിപിഎം പോളിറ്റ് ബ്യൂറോയില്‍ നിന്ന് പിണറായി വിജയന് മാത്രമാകും ഇത്തവണ മത്സരിക്കാൻ അവസരം ലഭിക്കുകയെന്നാണ് സൂചന. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

Kerala Assembly Election 2021 From Sabarimala to backdoor appointments LDF UDF Seat discussions
ശബരിമലയില്‍ നിന്ന് പിൻവാതില്‍ നിയമനങ്ങളിലേക്ക്: സീറ്റ് ചർച്ചകളും സജീവം

ശബരിമല സ്ത്രീപ്രവേശന വിഷയത്തിനൊപ്പം എല്‍ഡിഎഫ് സർക്കാരിന്‍റെ പിൻവാതില്‍ നിയമനങ്ങളില്‍ പ്രതിഷേധം ശക്തമാക്കുകയാണ് യുഡിഎഫും ബിജെപിയും. പതിവുപോലെ യുഡിഎഫാണ് പിണറായി സർക്കാരിന് എതിരെ പിൻവാതില്‍ നിയമനങ്ങളിലെ പ്രതിഷേധം ആദ്യം ഉയർത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ ഇന്നലെയും ഇന്നും ഏറ്റവുമധികം ആവർത്തിച്ചതും പിൻവാതില്‍ നിയമനങ്ങളെ കുറിച്ചാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാല്‍ എല്‍ഡിഎഫ് സർക്കാർ നടത്തിയ അനധികൃത നിയമനങ്ങൾ പുനപരിശോധിക്കുമെന്നാണ് ചെന്നത്തല പറഞ്ഞത്. നിയമനങ്ങൾ പിഎസ്‌സി വഴി മാത്രമാക്കുമെന്നും ചെന്നിത്തല പറഞ്ഞു. പിൻവാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിപക്ഷ യുവജനസംഘടനകൾ സമരം നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് വിഷയമായി ശബരിമല സ്ത്രീപ്രവേശനം വീണ്ടും ഉയർത്തിയ യുഡിഎഫ് കരട് നിയമം കൂടി പുറത്തുവിട്ടു ഒരുപടി മുന്നിലെത്തിയിരുന്നു. എന്നാല്‍ ശബരിമല വിഷയം ഉയർത്തുന്നതില്‍ എല്‍ഡിഎഫിന് ആശങ്കയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. മതവിശ്വാസികളെ ചേർത്ത് നിർത്തുന്ന പാർട്ടിയാണ് സിപിഐ എന്ന് പറഞ്ഞ കാനം രാജേന്ദ്രൻ വൈരുദ്ധ്യാത്മിക ഭൗതിക വാദം അപ്രസക്തമല്ലെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ വൈരുദ്ധ്യാത്മിക ഭൗതിക വാദവുമായി മുന്നോട്ടു പോകാനാകില്ലെന്ന സിപിഎം നേതാവ് എംവി ഗോവിന്ദന്‍റെ അഭിപ്രായത്തിനും കാനം മറുപടി പറഞ്ഞു. എന്നാല്‍ ശബരിമല വിഷയത്തില്‍ ഗാലറിയില്‍ ഇരുന്ന് കളി കാണുകയായിരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആട്ടിൻ തോലിട്ട ചെന്നായയെ പോലെ പെരുമാറുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്.

ശബരിമലയും പിൻവാതില്‍ നിയമനവും സജീവ ചർച്ചയാക്കിയ യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു എന്ന സൂചനയാണ് നല്‍കുന്നത്. അതോടൊപ്പം യുഡിഎഫിന്‍റെ പ്രകടന പത്രികയ്ക്ക് രൂപം നല്‍കാൻ നിയോഗിക്കപ്പെട്ട ശശി തരൂർ എംപി വിവിധ വ്യക്തികളുമായും കൂട്ടായ്‌മകളുമായുമുള്ള കൂടിക്കാഴ്‌ച തുടരുകയാണ്. " ലോകോത്തര കേരളം- യുവതയുടെ കാഴ്‌ചപ്പാട് അറിയാൻ " എന്ന പേരില്‍ ശശി തരൂർ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്‌ചയില്‍ വിവിധ മേഖലകളിലെ യുവാക്കൾ സംബന്ധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനും യുഡിഎഫിലെ ഘടകകക്ഷികൾക്ക് കൂടുതല്‍ സീറ്റ് നല്‍കേണ്ടെന്നുമാണ് കോൺഗ്രസ് തീരുമാനം. 50 സീറ്റുകളില്‍ വിജയിച്ച് അധികാരം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ശ്രമം. അതിനായി മുസ്ലീംലീഗ്, കേരള കോൺഗ്രസ് എന്നി പാർട്ടികളുടെ കൂടുതല്‍ സീറ്റ് എന്ന ആവശ്യം അംഗീകരിക്കേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.

അതേസമയം, യുഡിഎഫിലേക്ക് കൂടുതല്‍ നേതാക്കൾ വരുമെന്നും പിസി ജോർജിന്‍റെ യുഡിഎഫ് പ്രവേശനത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാലാ എംഎല്‍എ മാണി സി കാപ്പൻ യുഡിഎഫിലേക്ക് വരുന്ന കാര്യത്തില്‍ അദ്ദേഹത്തിന് തീരുമാനം എടുക്കാമെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നതിനിടെ, എല്‍ഡിഎഫിലും സ്ഥാനാർഥികളെ സംബന്ധിച്ച് ഏകദേശ ധാരണയാകുന്നുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോയില്‍ നിന്ന് പിണറായി വിജയന് മാത്രമാകും ഇത്തവണ മത്സരിക്കാൻ അവസരം ലഭിക്കുകയെന്നാണ് സൂചന. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, എല്‍ഡിഎഫിന്‍റെ തുടർഭരണ സാധ്യത ഇല്ലാതാക്കാൻ ഗൂഢാലോചനയും കൂട്ടായ്‌മയും ഉണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഇന്ന് പറഞ്ഞത്.

For All Latest Updates

ABOUT THE AUTHOR

...view details