കേരളം

kerala

ETV Bharat / state

മൂന്ന് മന്ത്രിമാർക്ക് സീറ്റുണ്ടാകില്ല, വിജയസാധ്യത മാനദണ്ഡം: അങ്കത്തിനൊരുങ്ങി സിപിഐയും

വരും ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം സ്ഥാനാർഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തേക്കും. മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഇകെ. വിജയന്‍, ചിറ്റയം ഗോപകുമാര്‍, ഗീതാ ഗോപി, ജിഎസ്. ജയലാല്‍ എന്നിവര്‍ക്ക് ഇളവ് ലഭിച്ചേക്കും.

Kerala Assembly election 2021 CPI Candidates special CPI enters into candidate selection
മൂന്ന് മന്ത്രിമാർക്ക് സീറ്റുണ്ടാകില്ല, വിജയസാധ്യത മാനദണ്ഡം: അങ്കത്തിനൊരുങ്ങി സിപിഐയും

By

Published : Feb 11, 2021, 4:59 PM IST

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശം നല്‍കി. ഓരോ ജില്ലയിലും നിലവില്‍ സിപിഐ മത്സരിച്ച സീറ്റുകളിലേക്ക് മൂന്ന് പേരുടെ പട്ടിക നല്‍കാനാണ് ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിന്‍റെ നിര്‍ദ്ദേശം. മൂന്ന് തവണ തുടര്‍ച്ചയായി മത്സരരംഗത്തുള്ളവരെ ഇത്തവണ ഒഴിവാക്കാനാണ് തീരുമാനം. ഈ മാനദണ്ഡം കര്‍ശനമായി നടപ്പാക്കാന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ച സാഹചര്യത്തില്‍ സിപിഐ മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, കെ. രാജു എന്നിവര്‍ക്ക് ഇത്തവണ സീറ്റുണ്ടാകില്ലെന്ന് ഉറപ്പായി. പരമാവധി രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റു നല്‍കേണ്ടെന്ന പാര്‍ട്ടിയുടെ പൊതു ധാരണയ്ക്ക് പുറമേയാണിത്. എന്നാല്‍ വിജയ സാധ്യത മുന്‍നിര്‍ത്തി ചില സ്ഥാനാര്‍ഥികള്‍ക്ക് ഇളവുണ്ടാകും.

ഇക്കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അന്തിമമായി തീരുമാനിക്കും. മൂന്നു തവണയും രണ്ടു തവണയും തുടര്‍ച്ചയായി വിജയിച്ചവരില്‍ വിജയസാധ്യതയുള്ളവര്‍ക്ക് ഒരു തവണ കൂടി അവസരം നല്‍കണമെന്ന് എക്‌സിക്യൂട്ടീവില്‍ അഭിപ്രായമുയര്‍ന്നു. ഈ മാനദണ്ഡമനുസരിച്ച് മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഇകെ. വിജയന്‍, ചിറ്റയം ഗോപകുമാര്‍, ഗീതാ ഗോപി, ജി.എസ്. ജയലാല്‍ എന്നിവര്‍ക്ക് ഇളവ് ലഭിച്ചേക്കും. അതാത് ജില്ലാ കമ്മിറ്റികളുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാകും ഇവരുടെ കാര്യത്തില്‍ അന്തിമ തീരുാനം. സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ഇ.എസ്. ബിജിമോള്‍ എന്നിവരും മൂന്നു തവണ തുടര്‍ച്ചയായി വിജയിച്ചവരാണ്. എന്നാല്‍ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ലെങ്കില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ സി. ദിവാകരന് ഒരവസരം കൂടി ലഭിച്ചേക്കുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details