തിരുവനന്തപുരം:സ്‌പീക്കറുടെ ഓഫിസിന് മുന്‍പില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഏഴ് പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്ക് നിയമസഭ സെക്രട്ടേറിയറ്റ് വിശദീകരണ നോട്ടിസ് നല്‍കി. കയ്യാങ്കളി സംബന്ധിച്ച വിവാദം അനുദിനം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെയാണ് നോട്ടിസ്.
ALSO READ|സ്പീക്കറുടെ മുറിക്ക് മുൻപിലെ സംഘര്‍ഷം; അന്വേഷണ ചുമതല പ്രത്യേക സംഘത്തിന്
എംകെ മുനീര്‍, എം വിന്‍സെന്‍റ്, ടി സിദ്ദിഖ്, കെകെ രമ, എപി അനില്‍കുമാര്‍, പികെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരുടെ പിഎമാരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. ഫോട്ടോഗ്രാഫി നിരോധിത മേഖലയില്‍ നിന്ന് സംഘര്‍ഷത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതായി ചീഫ് മാര്‍ഷല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ നോട്ടിസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ നിയമസഭ സെക്രട്ടറിക്ക് വിശദീകരണം നല്‍കണമെന്ന് നോട്ടിസില്‍ പറയുന്നു. വിശദീകരണം നല്‍കുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ ഒന്നും ബോധിപ്പിക്കാനില്ലെന്ന കാരണത്താല്‍ എംഎല്‍എമാര്‍ക്കെതിരെ ചട്ടം അനുശാസിക്കുന്ന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധം, അടിയന്തര നോട്ടിസ് നിരാകരിച്ചതില്‍:ഏഴ് എംഎല്‍എമാരുടെ പിഎമാര്‍ക്കും വെവ്വേറെയാണ് നോട്ടിസ് നല്‍കിയിട്ടുള്ളത്. അതേസമയം, സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മന്ത്രിമാരുടേയോ ഭരണകക്ഷി എംഎല്‍എമാരുടേയോ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നോട്ടിസ് നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിപക്ഷത്തിന്‍റെ അടിയന്തര നോട്ടിസ് സ്‌പീക്കര്‍ നിരാകരിച്ചതില്‍ പ്രതിഷേധിച്ചാണ് സ്‌പീക്കര്‍ എഎന്‍ ഷംസീറിന്‍റെ, നിയമസഭയിലെ ഓഫിസിന് മുന്‍പില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്.