തിരുവനന്തപുരം :ബ്രഹ്മപുരം വിഷയത്തിൽ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് കൊണ്ടുവരാന്‍ പ്രതിപക്ഷം. ബ്രഹ്മപുരത്ത് നടന്നത് സ്വാഭാവിക തീപിടിത്തമല്ലെന്നും സംഭവം ആസൂത്രിതമാണെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വാദം. ഇതിനുപുറമെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പേരിൽ അനുരഞ്ജനത്തിന് നീക്കം നടന്നുവെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും നിയമസഭയെ പ്രക്ഷുബ്‌ധമാക്കിയേക്കും. സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടിക്കും സാധ്യതയുണ്ട്. സ്വപ്‌നയ്‌ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ട കേസ് കൊടുക്കില്ലെന്ന എംവി ഗോവിന്ദന്‍റെ പ്രസ്താവനയും സഭയിൽ വാദപ്രതിവാദങ്ങള്‍ക്ക് വഴിവയ്ക്കും.
ബാംഗ്ലൂര്‍ വിട്ടാല്‍ 30 കോടി :മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തയും വീണ്ടും വെല്ലുവിളിച്ചുകൊണ്ടായിരുന്നു സ്വപ്‌ന സുരേഷിന്‍റെ ഫേസ് ബുക്ക് ലൈവ്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് ബാംഗ്ലൂര്‍ വിട്ടാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്‌ദാനമുണ്ടായെന്നും എന്നാല്‍, മുഖ്യമന്ത്രി മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ഇടപാടുകള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരും വരെ പോരാടുമെന്നും മാർച്ച് ഒമ്പതിന് ബാംഗ്ലൂരില്‍ നിന്ന് നടത്തിയ ഫേസ്‌ബുക്ക് ലൈവില്‍ സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ നിര്‍ദേശ പ്രകാരമാണ് താന്‍ എത്തിയതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ എല്ലാ തെളിവുകളും നേരിട്ടും ഡിജിറ്റലായുമുള്ളതെല്ലാം ഏല്‍പ്പിച്ച് ബാംഗ്ലൂര്‍ വിടണമെന്നും വിജയന്‍പിള്ള എന്ന കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ നിർദേശം നല്‍കിയെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. സംഭവത്തിന്‍റെ തെളിവുകൾ നിരത്തിയാണ് സ്വപ്ന ഫേസ്ബുക്ക് ലൈവ് നടത്തിയത്.
അതേസമയം സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി വിജേഷ് പിള്ള എന്നയാള്‍ രംഗത്തെത്തിയിരുന്നു. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സ്വപ്‌ന തന്നെ അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്. അവർ പറഞ്ഞെതെല്ലാം കെട്ടിച്ചമച്ച കാര്യങ്ങളാണെന്നും വിജേഷ് പിള്ള പറഞ്ഞു. സംഭവത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയും പുറപ്പെടുവിച്ചു.