കേരളം

kerala

ETV Bharat / state

വിവാദക്കുഴിയില്‍ പതിച്ച് എഐ ക്യാമറ പദ്ധതി; മന്ത്രിയുടെ കയ്യൊഴിയലില്‍ വെട്ടിലായി കെല്‍ട്രോണ്‍

എഐ ക്യാമറ പദ്ധതി വിവാദമായതോടെ മറുപടി പറയേണ്ടത് കെൽട്രോണാണെന്നായിരുന്നു മന്ത്രി ആന്‍റണി രാജുവിന്‍റെ മറുപടി. ഈ പ്രസ്‌താവനയോടെയാണ് കെല്‍ട്രോണ്‍ വെട്ടിലായത്

എഐ ക്യാമറ പദ്ധതി  വിവാദക്കുഴിയില്‍ പതിച്ച് എഐ ക്യാമറ പദ്ധതി  kerala AI camera controversy  Keltron trapped in antony raju statement  വെട്ടിലായി കെല്‍ട്രോണ്‍  എസ്ആർഐടി
വിവാദക്കുഴിയില്‍ പതിച്ച് എഐ ക്യാമറ പദ്ധതി

By

Published : Apr 24, 2023, 9:06 PM IST

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ കയ്യോടെ പിടികൂടി റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ, നിരത്തുകളിൽ സ്ഥാപിച്ച എഐ ക്യാമറ പദ്ധതി വിവാദക്കുഴിയില്‍ മുങ്ങിത്താഴുന്നു. എഐ ക്യാമറകൾ സ്ഥാപിക്കുന്നതിൽ കെൽട്രോണിനെ മുൻനിർത്തിയുള്ള അഴിമതിയാണ് നടക്കുന്നതെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. എഐ ക്യാമറകൾ സ്ഥാപിക്കുന്നതിന് കെൽട്രോൺ ഉപകരാർ നൽകിയത് ബെംഗളൂരു ആ​സ്ഥാ​ന​മാ​യി പ്രവർത്തി​ക്കുന്ന ശോഭ റിനൈസന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (എസ്ആർഐടി) എന്ന യാതൊരു മു​ൻ​പ​രി​ച​യ​വുമി​ല്ലാ​ത്ത കമ്പനിക്കാണെന്നാണ് ചെ​ന്നി​ത്ത​ല​ ഉന്നയിച്ച ആ​രോ​പ​ണം.

ALSO READ |'എഐ ക്യാമറ വഴിയുള്ള നിയമലംഘനങ്ങളില്‍ പിഴ ഈടാക്കുന്നതില്‍ വിഐപി പരിഗണന ഒഴിവാക്കണം'; വിമര്‍ശനങ്ങളും ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

ഇ - ടെൻഡറിലൂടെയാണ് എസ്ആർഐടി എന്ന കമ്പനിക്ക് കെൽട്രോൺ കരാർ നൽകുന്നത്. ടെൻഡറിൽ മറ്റ് ഏതെങ്കിലും കമ്പനികൾ പങ്കെടുത്തിട്ടുണ്ടോയെന്നും ടെൻഡർ മാനദണ്ഡങ്ങൾ പാലിച്ചാണോ കെൽട്രോൺ എസ്ആർഐടി എന്ന കമ്പനിക്ക് കരാർ നൽകിയതെന്നതടക്കമുള്ള കാര്യത്തിൽ വ്യക്തതയില്ല. കെൽട്രോൺ 151.22 കോടിക്കാണ് പദ്ധതി എസ്ആർഐടി കമ്പനിയെ ഏൽപ്പിക്കുന്നത്. കെൽട്രോണും എസ്ആർഐടിയും തമ്മിലുണ്ടാക്കിയ കരാറിൽ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്നും പറയുന്നുണ്ട്. എന്നാൽ, 232 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.

മറുപടി പറയേണ്ടത് കെൽട്രോൺ:75 കോടി 151 കോടിയായും പിന്നീട് 232 കോടിയായും ഉയർന്നതിലടക്കമാണ് അഴിമതി ആരോപണം ഉയരുന്നത്. എന്നാൽ, എസ്ആർഐടി എന്ന കമ്പനി രണ്ട് കമ്പനികൾക്ക് ഉപകരാർ നൽകിയിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാദിയോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കാണ് ഉപകരാർ നൽകിയത്. എന്നാൽ, ഈ കമ്പനികൾ പിന്നീട് പിന്മാറുകയായിരുന്നു. എന്നാൽ ഉപകരാർ സംബന്ധിച്ച് സർക്കാരിന് അറിവില്ലെന്നും കെൽട്രോണാണ് മറുപടി പറയേണ്ടതെന്നും പറഞ്ഞ് ഗതാഗത മന്ത്രി ആന്‍റണി രാജു കയ്യൊഴിഞ്ഞു. ഇതോടെ കെൽട്രോൺ വെട്ടിലായി.

എഐ ക്യാമറ തങ്ങളുടെ സ്വന്തം പദ്ധതിയാണെന്ന അവകാശവാദം ഉന്നയിച്ച കെൽട്രോൺ, പിന്നീട് തങ്ങൾ ച​ട്ട​പ്ര​കാ​രം കരാ​ർ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ സ​മ്മ​തി​ച്ചു. എസ്ആർഐടി എന്ന കമ്പനി മറ്റു സ്വകാര്യ കമ്പനികൾക്ക് ഉപകരാർ നൽകിയിട്ടുണ്ടെങ്കിൽ അതിൽ തങ്ങൾക്ക് ബാധ്യത ഇല്ലെന്ന നിലപാടിലാണ് കെൽട്രോൺ. അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി കെൽട്രോൺ എംഡി നാരായണ മൂർത്തിയും രംഗത്തെത്തി. 235 കോടി രൂപയായിരുന്നു പദ്ധതിക്കാവശ്യമായ തുക. എന്നാൽ, ചർച്ചകൾക്കൊടുവിലാണ് ഇത് 232 കോടി രൂപയാക്കിയത്.

എസ്ആർഐടി (SRIT) എന്ന കമ്പനിക്ക് ഉപകരാർ നൽകിയത് 151 കോടി രൂപയ്ക്കാണ്. ഒരു എഐ ക്യാമറയ്ക്ക് 35 ലക്ഷം രൂപയെന്ന പ്രചാരണം തെറ്റാണ്. 9.5 ലക്ഷം രൂപയാണ് ഒരു എഐ ക്യാമറയുടെ വില. ക്യാമറകൾക്കായി 74 കോടി രൂപയാണ് ചെലവാക്കിയത്. ബാക്കി തുക സാങ്കേതിക സംവിധാനം, സെർവർ റൂം എന്നിവയ്ക്കായാണ് വിനിയോഗിച്ചത്. ഉപകരാർ നൽകിയ എസ്ആർഐടി എന്ന കമ്പനി മികച്ച പ്രവർത്തനമാണ് കാഴ്‌ചവച്ചതെന്നും കെൽട്രോൺ എംഡി നാരായണ മൂർത്തി വ്യക്തമാക്കി. ഇതിനിടെ എസ്ആർഐടി എന്ന കമ്പനിക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുമായി ബന്ധമുണ്ടെന്ന വാർത്തകളും പ്രചരിപ്പിച്ചു. ഈ വാർത്ത യുഎൽസിസിഎസ് നിഷേധിച്ചു. പദ്ധതിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് എംഡി ഷാജു എസ് പറഞ്ഞു.

ഇരുസ്ഥാപനങ്ങളിലzയും ഡയറക്‌ടർമാർ അംഗങ്ങള്‍:ബെംഗളൂരു ആസ്ഥാനമായ ശോഭ റിനൈസന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് (എസ്ആർഐടി) എന്ന കമ്പനി 2016ൽ ആശുപത്രി സോഫ്റ്റ്‌വെയര്‍ വികസനപദ്ധതി ഊരാളുങ്കൽ സൊസൈറ്റിക്കു നൽകി. ഇതിന്‍റെ ഭാഗമായി അന്ന് ഇരുസ്ഥാപനങ്ങളും ചേർന്ന് സംയുക്ത സംരംഭം രൂപവത്‌കരിക്കുകയും ചെയ്‌തിരുന്നു. യുഎൽസിസിഎസ് - എസ്ആർഐടി എന്നായിരുന്നു സംയുക്ത സംരംഭത്തിന്‍റെ പേര്. ഇരുസ്ഥാപനങ്ങളിലെയും ഡയറക്‌ടർമാർ ഇതിൽ അംഗങ്ങളായിരുന്നു. എന്നാൽ 2018ൽ പദ്ധതി അവസാനിക്കുകയും ഈ സംരംഭം പിരിച്ചുവിടുകയും ചെയ്‌തു.

ഈ സംയുക്ത സംരംഭം ഇപ്പോൾ നിലവിലില്ല. എന്നാൽ ചില വെബ്‌സൈറ്റുകളിൽ എസ്‌ആര്‍ഐടി എന്ന് തിരയുമ്പോൾ യുഎൽസിസിഎസ് - എസ്ആർഐടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വിവരമാണ് ലഭ്യമാകുന്നത്. ഈ സാഹചര്യത്തിലാണ് ആരോപണങ്ങൾ ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിവാദങ്ങൾ ശക്തമായതോടെ വിശദീകരണവുമായി എസ്ആർഐടി എംഡി മധു നമ്പ്യാരും രംഗത്തെത്തി. കെൽട്രോൺ രാജ്യവ്യാപകമായി പ്രസിദ്ധീകരിച്ച ടെൻഡറിന്‍റെ അടിസ്ഥാനത്തിലാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്ന് എസ്ആർഐടി എംഡി മധു നമ്പ്യാർ പറഞ്ഞു. ഇതിൽ ഒരു രാഷ്ട്രീയ ഇടപെടലുകളും നടന്നിട്ടില്ല. 128 കോടി രൂപയും ജിഎസ്‌ടിയുമുൾപ്പെടെയാണ് കരാർ തുക.

ബന്ധപ്പെട്ടത് കരാർ ലഭിച്ച ശേഷം:ടെൻഡറിൽ നാലുപേർ പങ്കെടുത്തു. 20 തവണയായി ഇത് നൽകുമെന്നാണ് കരാർ. ഊരാളുങ്കലുമായി 2016ൽ പ്രവർത്തിച്ചിട്ടുണ്ടെന്നും മധു നമ്പ്യാർ വ്യക്തമാക്കിയിരുന്നു. നാല് പേർ ടെൻഡറിൽ പങ്കെടുത്തതിൽ ഏറ്റവും കുറഞ്ഞ രേഖപ്പെടുത്തിയതുകൊണ്ടാണ് എസ്ആർഐടിക്ക് കരാർ ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ഏറെ കാലമായി പ്രവർത്തിക്കുന്ന കമ്പനിയാണിത്. കരാർ ലഭിച്ച ശേഷം തങ്ങളെ രണ്ട് കമ്പനികൾ ബന്ധപ്പെടുകയായിരുന്നു.

ലൈറ്റ് മാസ്റ്റർ എന്ന കമ്പനിക്കാണ് ഇലക്ട്രോണിക്‌സ് മുഴുവൻ നൽകിയത്. സിവിൽ വർക്കുകൾ പ്രസാദിയോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകാമെന്നും ഉറപ്പുനൽകി. ഇരു കമ്പനികളും ഫണ്ട് ചെയ്യാമെന്നും പറഞ്ഞു. ഒന്നര മാസം കാത്തിട്ടും പ്രവർത്തനങ്ങൾ വൈകി. ഈ സാഹചര്യത്തിൽ ഇ - സെൻട്രിക് ഡിജിറ്റൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇപ്പോൾ ഫണ്ട് ചെയ്യുന്നതെന്നും എസ്ആർഐടി എംഡി വ്യക്തമാക്കി. എന്തായാലും എഐ ക്യാമറ പദ്ധതിയുമായി അടിമുടി ദുരൂഹതയാണ് നിലനിൽക്കുന്നത്.

ABOUT THE AUTHOR

...view details