തിരുവനന്തപുരം : ഭൂമി പണയം വയ്‌ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്‍മാറാനൊരുങ്ങി കാർഷിക സർവകലാശാല (Kerala Agricultural University Financial Issue). കോഴ്‌സുകൾ തുടങ്ങാനും കുടിശിക അടച്ചു തീർക്കാനും ആയിട്ടായിരുന്നു സർവകലാശാലയുടെ ഭൂമി പണയപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനത്തിന് പിന്നാലെ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
ഇതിനു പിന്നാലെയാണ് ഉത്തരവ് തിരുത്താൻ വിസിയുടെ നിർദേശം വന്നത്. ഉത്തരവിൻ മേൽ കൃഷിമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. കൃഷിമന്ത്രിയുമായി വിസി ഇന്ന് കൂടിക്കാഴ്‌ച നടത്തും.
സർക്കാർ സാമ്പത്തിക സഹായം നൽകുന്നത് കുറഞ്ഞതോടെയാണ് പൊതുമേഖല ബാങ്കുകളിൽ 40 കോടി രൂപയ്ക്ക് ഭൂമി പണയം വയ്ക്കാൻ സർവകലാശാല ഒരുങ്ങിയത്. ഭൂമി വിറ്റ് ഫണ്ട് കണ്ടെത്താനായിരുന്നു ആദ്യം സർവകലാശാലയുടെ തീരുമാനം. എന്നാൽ വിവാദം ഭയന്നായിരുന്നു പണയം വയ്‌ക്കാൻ തീരുമാനിച്ചത്.
പക്ഷെ ലോൺ തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിൽ സർവകലാശാലയ്ക്കില്ല എന്നാണ് മനസിലായത്. കാർഷിക സർവകലാശാല (Kerala Agricultural University) സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഡിസിആജി കമ്പ്യൂട്ടേഷൻ ടെർമിനൽ സറണ്ടർ തുടങ്ങി പെൻഷൻ കുടിശിക അടക്കം സർവകലാശാലയ്ക്ക് 100 കോടിയോളം രൂപയുടെ ബാധ്യത നിലനിൽക്കുന്നുണ്ട്.
കാർഷിക സർവകലാശാലയെ തകർക്കാനുള്ള നടപടികളിൽ നിന്നും പിന്മാറണമെന്നും അല്ലാത്തപക്ഷം കെഎസ്ആർടിസിക്ക് സംഭവിച്ചത് സർവകലാശാലയ്ക്കും സംഭവിക്കുമെന്നും സ്വത്തുക്കൾ നഷ്‌ടപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും ഫെഡറഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ പറഞ്ഞു.