തിരുവനന്തപുരം: സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കർഷകനുള്ള കൃഷിവകുപ്പിന്‍റെ സിബി കല്ലിങ്കൽ സ്‌മാരക കർഷകോത്മ അവാർഡിന് വയനാട് പുൽപ്പള്ളി സ്വദേശി റോയ് മോൻ കെ എ അർഹനായി. രണ്ട് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്. കൃഷി മന്ത്രി പി പ്രസാദാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഏറ്റവും മികച്ച കർഷക വനിതയ്ക്കായുള്ള കർഷകതിലകം അവാർഡ് പത്തനംതിട്ട സ്വദേശി സിന്ധുലേഖ വി കരസ്ഥമാക്കി. ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള മിത്രാനികേതൻ പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽകൃതർ അവാർഡിന് ആലപ്പുഴ ആറ്റുമുഖം ആയിരത്തി അഞ്ഞൂർ രാജരാമപുരം കൈനടി കായൽ ചെറുകര കായൽ നെല്ലുൽപാദക സമിതിയും അർഹമായി. 35 വയസിന് താഴെയുള്ള കർഷകർക്ക് നൽകുന്ന യുവകർഷക അവാർഡിന് രേഷ്‌മ എൽ ആലപ്പുഴയും മികച്ച യുവകർഷകൻ തൃശൂർ സ്വദേശി ശ്യാം മോഹന്‍ സിയും അർഹനായി.
ഹൈടെക് കർഷകനുള്ള അവാർഡ് തിരുവനന്തപുരം സ്വദേശി ശ്രദ്ധ ശരത് പാട്ടിലിനും ലഭിച്ചു. ഏറ്റവും മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർഥിനിക്കുള്ള കർഷകതിലകം അവാർഡ് തൃശൂർ അടിച്ചിരി സ്വദേശി എയ്‌സിൽ കൊച്ചുമോനും ഏറ്റവും മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർഥിയ്‌ക്കുള്ള കർഷകപ്രതിഭ അവാർഡ് ആലപ്പുഴ സ്വദേശി അർജുൻ അശോകനും ലഭിച്ചു. മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പുരസ്‌കാരം പാലക്കാട് സ്വദേശി അരുൺകുമാറും സ്വന്തമായി ആധുനിക കൃഷി രീതികളും ശാസ്ത്രീയതകളും അവലംബിച്ചു കൃഷി ചെയ്യുന്ന കോളജ് വിദ്യാർഥികൾക്കുള്ള മികച്ച കലാലയ കർഷക പ്രതിഭ അവാർഡ് എറണാകുളം സ്വദേശി റോഷൻ പോളും സ്വന്തമാക്കി.