തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും ഉയര്‍ന്ന തസ്‌തികകളിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് പരീക്ഷയായ കെഎഎസ് പ്രിലിമിനറി പരീക്ഷ നാളെ. കെഎഎസ് രൂപീകരിച്ച ശേഷമുള്ള ആദ്യപരീക്ഷയാണിത്. ഐഎഎസിലേക്കുള്ള ചവിട്ടുപടിയായി വിശേഷിക്കപ്പെടുന്ന കേരള അഡ്‌മിനിസ്ട്രറ്റീവ് സര്‍വീസ് യുവാക്കള്‍ക്ക് ഏറ്റവുമുയര്‍ന്ന സര്‍ക്കാര്‍ തസ്‌തികയിലേക്കുള്ള പ്രവേശനപരീക്ഷ കൂടിയാണ്. 1,535 പരീക്ഷ കേന്ദ്രങ്ങളിലായാണ് ആദ്യബാച്ചിന്‍റെ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ നടക്കുന്നത്. രണ്ട് പേപ്പറുകളായി നടക്കുന്ന പരീക്ഷയുടെ ആദ്യപേപ്പറിന്‍റെ പരീക്ഷ രാവിലെ 10 മണിക്കും രണ്ടാം പേപ്പറിന്‍റെ പരീക്ഷ ഉച്ചക്ക് 1.30നും ആരംഭിക്കും. 3.84 ലക്ഷം ഉദ്യോഗാര്‍ഥികളാണ് അഡ്‌മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തത്. എന്നാല്‍ പരീക്ഷ എഴുതാന്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം പരീക്ഷക്കെത്താത്തവരുടെ പ്രൊഫൈല്‍ ബ്ലോക്കാകുമെന്ന് പിഎസ്‌സി അറിയിച്ചു.
കെഎഎസ് പ്രിലിമിനറി പരീക്ഷ നാളെ - psc
കേരളത്തിലെ 1,535 പരീക്ഷ കേന്ദ്രങ്ങളിലായാണ് പരീക്ഷ
കര്‍ശന സുരക്ഷ ക്രമീകരണങ്ങളോടെയാണ് പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിന്‍റെയും പിഎസ്‌സി ഉദ്യോഗസ്ഥരുടെയും നിരീക്ഷണമുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ ആദ്യ പരീക്ഷക്കായി രാവിലെ 9.45നും ഉച്ചക്ക് 1.15നും പരീക്ഷാ ഹാളില്‍ എത്തണം. വൈകിയെത്തുന്നവവര്‍ക്ക് പരീക്ഷയെഴുതാനാകില്ല. രാവിലെ നടക്കുന്ന പരീക്ഷ എഴുതുന്നവര്‍ക്ക് മാത്രമേ ഉച്ചക്കുള്ള പരീക്ഷയും എഴുതാനാകൂ. മൊബൈല്‍ഫോണ്‍, വാച്ച്, പേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്‌തുക്കള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കില്ല. പരീക്ഷാ ഹാളില്‍ അഡ്‌മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ബോള്‍ പോയിന്‍റ് പേന എന്നിവ മാത്രമേ അനുവദിക്കൂ. സമയമറിയാന്‍ അരമണിക്കൂര്‍ ഇടവിട്ട് ബെല്ലടിക്കും.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍-261.എന്നാല്‍ വയനാട്ടില്‍ 30 പരീക്ഷാ കേന്ദ്രങ്ങളേ ഉള്ളൂ. പരീക്ഷ കേന്ദ്രങ്ങളിലേക്കെത്താന്‍ കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം പരീക്ഷക്ക് ഹാജരാകാത്തവര്‍ പിഎസ്‌സിക്ക് വിശദീകരണം നല്‍കേണ്ടിവരും. പരീക്ഷയെഴുതാന്‍ കഴിയില്ലെന്നറിയിച്ച് നിരവധി അപേക്ഷകളാണ് പിഎസ്‌സിക്ക് മുന്നിലെത്തിയിട്ടുള്ളത്. ഇവര്‍ രേഖകള്‍ ഹാജരാക്കണമെന്ന് പിഎസ്‌സി അറിയിച്ചു.