തിരുവനന്തപുരം: ഹാഷിഷ് ഓയിൽ വിറ്റ കേസിലെ രണ്ട് പ്രതികൾക്ക് 12 വർഷം വീതം കഠിന തടവും, രണ്ട് ലക്ഷം രൂപ പിഴയും. തമിഴ്‌നാട് രാമനാഥപുരം അനീസ് നഗറിലിലെ സാദിഖ് (40), ഇടുക്കി സ്വദേശിയും വിശാഖപട്ടണത്ത് താമസിക്കുകയും ചെയ്യുന്ന സാബു സേവിയർ (41) എന്നിവരാണ് പ്രതികൾ. 11 കിലോ ഹാഷിഷ് ഓയിലാണ് പ്രതികള്‍ വിൽപന നടത്തിയത്.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമത്തിലെ എട്ട് (സി),20 (ബി )(11)(സി),29 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷൻസ് കോടതി ജഡ്‌ജി എ.എസ് മല്ലികയുടേതാണ് ഉത്തരവ്. 2010 ജനുവരി 10 നാണ് കേസിനാസ്‌പദമായ സംഭവം. തിരുവനന്തപുരം പവർ ഹൗസ് പാർത്ഥാസ് കടയ്ക്ക് സമീപത്തെ റോഡിൽ നിന്നും രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ജാമ്യം ലഭിച്ചില്ല, വിചാരണ നേരിട്ടത് തടവുപുള്ളികളായിട്ട്
തിരുവനന്തപുരം എക്‌സൈസ് ഇൻസ്‌പെക്‌ടര്‍ ടി അജിത് കുമാറാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. 10.94 കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ഇതര സംസ്ഥാനത്ത് നിന്നും ഹാഷിഷ് ഓയിൽ എത്തിച്ച് പ്രതികള്‍ മാലിയിലേക്ക് കയറ്റി അയക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യുവാക്കള്‍ക്കിടെയിലും പ്രതികള്‍ വിറ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണ സമയത്ത് കോടതിൽ മൊഴി നൽകി.
തമിഴ്‌നാട് മസിനഗുഡി പൊലീസ് സ്‌റ്റേഷനിൽ കേസിലെ രണ്ടാം പ്രതി സാബു സേവിയറിനെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഹൈക്കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതുകാരണം തടവുകാരായാണ് ഇവര്‍ വിചാരണ നേരിട്ടത്. ഏഴ് സാക്ഷികളും, 64 രേഖകളും, 29 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ വിചാരണ വേളയിൽ പരിഗണിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.എസ് പ്രിയൻ, റെക്‌സ് ജി എന്നിവർ ഹാജരായി.
ALSO READ:ലീഗ് നേതാവിന്‍റെ അധിക്ഷേപ പരാമര്‍ശം : റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ച് സാദിഖ് അലി ശിഹാബ് തങ്ങള്‍