തിരുവനന്തപുരം:കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് ഉയരുന്നത് അനാവാശ്യ വിവാദങ്ങളെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ടിക്കറ്റ് നിരക്ക് കുറവാണ്. തുടര്‍ച്ചയായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മത്സരങ്ങളെത്തുന്നത് കൊണ്ടാണ് ഇത്തവണ ടിക്കറ്റ് നിരക്ക് കുറച്ചതെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
കഴിഞ്ഞ സെപ്‌റ്റംബര്‍ 28നാണ് അവസാനമായി ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായത്. അന്ന് 1500, 2750 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. ഇത്തവണ കെസിഎ അത് 1000, 2000 രൂപയായി കുറച്ചു.
അനാവശ്യ വിവാദങ്ങള്‍ കഴിഞ്ഞ മത്സരസമയത്തും ഉയര്‍ന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. 18 ശതമാനം ജിഎസ്‌ടിയും കോര്‍പ്പറേഷന്‍റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ്ങ് ചാര്‍ജും കൂടിയാകുമ്പോള്‍ ടിക്കറ്റ് നിരക്ക് 1445,2860 എന്നായി ഉയരും. വിനോദ നികുതി കോര്‍പ്പറേഷന്‍ 24 ശതമാനമാണ് ആവശ്യപ്പെട്ടിരുന്നത്.
സര്‍ക്കാര്‍ ഇടപെട്ട് അത് 12 ശതമാനമാക്കി കുറച്ചു. 2010ലും 2014ലും കൊച്ചിയിൽ മത്സരങ്ങൾ നടന്നപ്പോൾ 5000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നത്. ഇപ്പോൾ അനാവശ്യ വിവാദങ്ങൾ എന്തിനെന്ന് മനസിലാകുന്നില്ലെന്നും വിനോദ് കുമാർ പറഞ്ഞു.
കഴിഞ്ഞ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് 5 ശതമാനമായിരുന്നു വിനോദ നികുതി ഈടാക്കിയത്. അത് ഇത്തവണ 12 ശതമാനമായി ഉയർത്തിയതിലാണ് വ്യാപക വിമർശനം ഉയർന്നത്. വിനോദ നികുതി ഉയർത്തിയതിൽ ന്യായീകരണവുമായി കായിക മന്ത്രി വി അബ്‌ദുറഹിമാനും രംഗത്തെത്തിയിരുന്നു. നികുതി കുറയ്ക്കാൻ ആകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, മത്സരത്തിന് ഒരുക്കങ്ങളെല്ലാം തകൃതിയായി തന്നെ പുരോഗമിക്കുകയാണ്. സ്‌റ്റേഡിയത്തിന്‍റെ 90 ശതമാനം ഒരുക്കങ്ങളും പൂർത്തിയായി. ഔട്ട് ഫീൽഡും പിച്ചും മത്സരത്തിനായി സജ്ജമാക്കി കഴിഞ്ഞു.