തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ ആരോപണം ശരിവയ്‌ക്കുന്നതാണ് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ (KC Venugopal On HD Deve gowda Statement). പരസ്യമായി ബിജെപി സഖ്യം പ്രഖ്യാപിച്ചിട്ടും കേരള മന്ത്രിസഭയില്‍ നിന്നും ജെഡിഎസ് പ്രതിനിധിയെ പുറത്താക്കാത്തത് ബിജെപിയുമായുള്ള അവരുടെ സഖ്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ ജെഡിഎസ് നേതൃത്വത്തിനും വ്യക്തമായ അറിവുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയേയും മോദിയേയും പിണക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും സിപിഎം കേരള ഘടകവും.
അധികാരത്തിന്‍റെ തണലില്‍ നടത്തിയ അഴിമതിയും സഹകരണക്കൊള്ളയും ബിനാമി-കള്ളപ്പണ ഇടപാടും ബിജെപിയുടെ മുന്നില്‍ മുട്ടിലിഴയേണ്ട ഗതികേടിലേക്ക് കേരള സിപിഎമ്മിനെ കൊണ്ടെത്തിച്ചു. ബിജെപിയെ എതിര്‍ത്താല്‍ കേന്ദ്ര ഭരണത്തിന്‍റെ സ്വാധീനത്തില്‍ തങ്ങളെ വേട്ടയാടുമെന്ന ഭയമാണ് തരംതാണ രാഷ്ട്രീയ നിലപാടെടുക്കാന്‍ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിക്കുന്നത്. ഒരു ബിജെപി വിരുദ്ധ പ്രസ്‌താവന നടത്താന്‍ പോലും മോദിയുടെ താല്‍പ്പര്യം പരിഗണിക്കേണ്ട ദുരന്തമാണ് സിപിഎം കേരളത്തില്‍ അഭിമുഖീകരിക്കുന്നതെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
പിണറായി വിജയന്‍റെ മുഴുവന്‍ ചെയ്‌തികള്‍ക്കും കുടപിടിക്കുന്ന സിപിഎം ഇന്ന് എത്തപ്പെട്ടിരിക്കുന്നത് അതിസങ്കീര്‍ണ്ണമായ പ്രതിസന്ധിയിലാണ്. ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്ന് ഒരു ദിവസം പിന്നിട്ടിട്ടും സിപിഎം കേന്ദ്ര നേതൃത്വം ഇതിനോട് പ്രതികരിക്കാത്തതില്‍ അത്ഭുതം തോന്നുന്നു. ഈ വിഷയത്തില്‍ സിപിഎം ദേശീയ സെക്രട്ടറി സീതറാം യെച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.